തിരുവനന്തപുരം: ബി എ പാസാകാതെ എസ് എഫ് ഐ നേതാവിന് പിജിയ്ക്ക് പ്രവേശനം. പരാതി നല്കി സേവ് യൂണിവേസിറ്റി ക്യാമ്പയിൻ കമ്മിറ്റി.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയ്ക്കാണ് സർക്കാർ നിയന്ത്രണത്തിലുള്ള ആട്ടോണമസ് കോളജായ എറണാകുളം മഹാരാജാസിൽ അഞ്ചുവർഷ ആർക്കിയോളജി ഇന്റഗ്രേറ്റഡ് കോഴ്സിലേക്ക് പ്രവേശനം ലഭിച്ചത്. ആർഷോയെ പുറത്താക്കണമെന്നും പ്രിൻസിപ്പലിനെതിരെ നടപടി എടുക്കണമെന്നും, ഗവർണർക്കും, എംജി വിസിക്കും, സർക്കാരിനും സേവ് യൂണിവേസിറ്റി ക്യാമ്പയിൻ കമ്മിറ്റി നിവേദനം നൽകി.
ബിരുദത്തിന് തുല്യമായ ആറാം സെമസ്റ്റർ പാസാകാതെ പിജിക്ക് തത്തുല്യമായ ഏഴാം സെമെസ്റ്ററിനാണ് എസ്.എഫ്.ഐ നേതാവിന് പ്രവേശനം നൽകിയത്. അഞ്ചും ആറും സെമസ്റ്റർ പരീക്ഷ എഴുതുന്നതിന് 75% ഹാജർ വേണമെന്നിരിക്കെയാണ് 10% ഹാജർ മാത്രമാണ് ആർഷോയ്ക്ക് ഉള്ളത്. ഈ വ്യവസ്ഥകൾ മറികടന്നാണ് പരീക്ഷ പോലും എഴുതാത്ത ആർഷോയ്ക്ക് പ്രിൻസിപ്പലിന്റെ പ്രത്യേക നിർദ്ദേശപ്രകാരം ഇന്റഗ്രേറ്റഡ് പിജി ക്ലാസിൽ പ്രവേശനം നല്കിയത്.