ചെന്നൈ: തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജി രാജിവച്ചു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് എട്ടുമാസത്തിന് ശേഷമാണ് രാജി. ഇഡി അറസ്റ്റ് ചെയ്തതിനെത്തുടർന്ന് എം.കെ. സ്റ്റാലിൻ മന്ത്രിസഭയിൽ വകുപ്പില്ലാ മന്ത്രിയായി തുടരുകയായിരുന്നു ബാലാജി.
കള്ളപ്പണക്കേസിൽ കഴിഞ്ഞവർഷം ജൂൺ 13-നാണ് സെന്തിൽ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. പുഴൽ സെൻട്രൽ ജയിലിൽ കഴിയുന്ന ബാലാജി മന്ത്രിയായി തുടരുന്നത് സംശുദ്ധ ഭരണസംവിധാനത്തിന് ചേർന്നതല്ലെന്ന് മദ്രാസ് ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. വകുപ്പില്ലാമന്ത്രി എന്നുപറയുന്നത് ഭരണഘടനയെ പരിഹാസ്യമാക്കുന്ന ഏർപ്പാടാണെന്നും എന്നാൽ, മന്ത്രിസഭയിൽനിന്ന് ഒരാളെ പുറത്താക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
മദ്രാസ് ഹൈക്കോടതി ബാലാജിയുടെ ജാമ്യഹർജി പരിഗണിക്കാനിരിക്കെയാണ് രാജി. മുഖ്യമന്ത്രിക്ക് നൽകിയ രാജിക്കത്ത് ഗവർണർക്ക് കൈമാറിയതായി സർക്കാരിനോടടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.