ഒന്നു മുതൽ നാല് വയസ് വരെയുള്ള കുട്ടികൾക്ക് പ്രത്യേക സീറ്റ് ബൽറ്റ് നിർബന്ധമാക്കുന്നു. നാല് വയസിന് മുകളിലുള്ള കുട്ടികൾക്ക് ഇരുചക്ര വാഹനത്തിൽ ഹെൽമറ്റും നിർബന്ധമാക്കും. നാല് വയസു മുതൽ 14 വയസുവരെ 135 സെന്റീമീറ്റർ ഉയരത്തിൽ താഴെയുള്ള കുട്ടികൾ ചൈൽഡ് ബൂസ്റ്റർ കുഷ്യനിൽ സുരക്ഷാ ബെൽറ്റ് ഘടിപ്പിച്ച് ഇരിക്കണമെന്ന നിബന്ധനയും മോട്ടോർ വാഹന വകുപ്പ് കൊണ്ടുവരാൻ തീരുമാനിച്ചിട്ടുണ്ട്.
ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ ഈ മാസം സമൂഹ മാധ്യമത്തിലൂടെ ബോധവത്കരണം നടത്തും. പിന്നീട് നിയമലംഘനം നടത്തുന്നവർക്ക് താക്കീത് നൽകാനും ശേഷം ഡിസംബർ മുതൽ പിഴ ഈടാക്കാനും തീരുമാനിച്ചു. 1000 രൂപയാണ് പിഴ. ഇതുമായി ബന്ധപ്പെട്ട ശിപാർശ ട്രാൻസ്പോർട്ട് കമ്മീഷണർ സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്.