Kerala
ഇനി ഓള്‍ പാസ് ഇല്ല; വിജയിക്കാന്‍ മിനിമം മാര്‍ക്ക് ഉറപ്പാക്കും;എട്ടാം ക്ലാസില്‍ ഇത്തവണ നടപ്പിലാക്കും
തിരുവനന്തപുരം: എട്ടാം ക്ലാസ് മുതൽ എല്ലാവരെയും ജയിപ്പിക്കുന്ന രീതി അവസാനിക്കുന്നു. ഹൈസ്കൂൾ തലം മുതൽ എഴുത്ത് പരീക്ഷയിൽ ജയിക്കാൻ മിനിമം മാർക്ക് നിർബന്ധമാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ആദ്യ ഘട്ടമായി എട്ടാം ക്ലാസിലാണ് തീരുമാനം നടപ്പിലാക്കുന്നത്. മൂന്ന് അധ്യയന വർഷം കൊണ്ട് ഹൈസ്കൂൾ തലത്തിലെ എല്ലാ ക്ലാസുകളിലും സബജക്ട് മിനിമം നടപ്പാക്കാനാണ് മന്ത്രിസഭാ യോഗത്തിൻ്റെ തീരുമാനം.
ഉന്നതവിദ്യാഭ്യാസ രംഗത്ത് സംസ്ഥാനത്തെ കുട്ടികൾ പിന്നിൽ പോകുന്നത് ഹൈസ്കൂൾ ക്ലാസുകളിലെ ഉദാരമായ മൂല്യനിർണയം കൊണ്ടാണെന്ന വിമർശനം കണക്കിലെടുത്താണ് പുതിയ തീരുമാനം. ഒരു വിഷയത്തിൽ, എഴുത്ത് പരീക്ഷയിലും നിരന്തര മൂല്യനിർണയത്തിലുമായി 30% മാർക്ക് നേടിയാൽ ജയിക്കാമെന്നതാണ് നിലവിലുളള രീതി. എല്ലാവരെയും ജയിപ്പിക്കുന്ന ഈ രീതി അവസാനിപ്പിക്കുകയാണ്. ഇനി മുതൽ ഒരോ വിഷയത്തിലെയും എഴുത്ത് പരീക്ഷയിലും കുറഞ്ഞത് 30 ശതമാനം മാർക്ക് നേടിയാലെ ജയിക്കാനാവൂ. ഇതാണ് ഇന്നത്തെ മന്ത്രിസഭാ തീരുമാനത്തിൻെറ ഫലം.
ഹൈസ്കൂൾ ക്ലാസുകളിൽ മുഴുവനായി കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന പരിഷ്കാരം ആദ്യഘട്ടത്തിൽ എട്ടാം ക്ലാസിലാണ് നടപ്പാക്കുക. അടുത്ത അധ്യയന വർഷം മുതൽ ഒൻപതാം ക്ളാസിലും 2026-27 അധ്യയന വർഷം പത്താം ക്ലാസിലും മിനിമം മാർക്ക് വ്യവസ്ഥ നടപ്പിലാകും. പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച എജ്യുക്കേഷണൽ കോൺക്ലേവിൽ ഉണ്ടായ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പരിഷ്കാരം കൊണ്ടുവന്നത്. കോൺക്ലേവിലെ നിർദ്ദേശങ്ങളുടെ ചുവടുപിടിച്ച് എഴുത്ത് പരീക്ഷയിൽ മിനിമം മാർക്ക് സമ്പ്രദായം കൊണ്ടുവരാൻ നേരത്തെ വിദ്യാഭ്യാസ വകുപ്പ് ശ്രമിച്ചിരുന്നു.
എന്നാൽ സിപിഐഎം അധ്യാപക സംഘടന കെഎസ്ടിഎ ഇതിനെ എതിർത്തിരുന്നു. മന്ത്രിയുടെ സാന്നിധ്യത്തിൽ എതിർപ്പ് പ്രകടിപ്പിച്ചു. ഇപ്പോൾ സിപിഐഎം നേതൃത്വം ഇടപെട്ടാണ് കെഎസ്ടിഎയുടെ എതിർപ്പ് ഇല്ലാതാക്കിയത്. ഇതോടെയാണ് മന്ത്രിസഭ തീരുമാനമെടുത്തത്. പ്രതിപക്ഷ അധ്യാപക സംഘടനകൾക്ക് മിനിമം മാർക്ക് സമ്പ്രദായത്തോട് എതിർപ്പുണ്ടായിരുന്നില്ല.