സംസ്ഥാനത്തെ സ്‌കൂളുകളിൽ സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പുതിയ പുസ്തകങ്ങൾക്ക് അംഗീകാരം നൽകിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 173 ടൈറ്റിൽ പാഠപുസ്തകങ്ങൾക്കാണ് കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അംഗീകാരം നൽകിയത്. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പാഠപുസ്തകമാണ് അംഗീകരിച്ചത്. 2007ലാണ് ഇതിന് മുമ്പ് പാഠ്യപദ്ധതിയിൽ സമഗ്ര പരിഷ്‌കരണം കൊണ്ടുവന്നത്
പത്ത് വർഷത്തിലേറെയായി ഒരേ പാഠ്യപദ്ധതിയാണ് പഠിപ്പിച്ചതെന്ന് മന്ത്രി അറിയിച്ചു. പുതിയ പാഠ്യപദ്ധതിയിൽ എല്ലാ പുസ്തകങ്ങളിലും മലയാള അക്ഷരമാലയുണ്ടാകും. ജനാധിപത്യ മതേതര മൂല്യങ്ങൾക്ക് അനുസൃതമായി നവകേരള സൃഷ്ടിക്ക് ഉതകുന്ന പാഠ്യപദ്ധതികളാണ് കരിക്കുലത്തിലുള്ളത്. ഒന്നര വർഷത്തെ പ്രവർത്തനഫലമായിട്ടാണ് പാഠ്യപദ്ധതി പരിഷ്‌കരിച്ചതെന്നും കുട്ടികളിൽ നിന്നും പഞ്ചായത്ത് തലത്തിലും അഭിപ്രായം തേടിയിരുന്നതായും മന്ത്രി അറഇയിച്ചു
അഞ്ച് മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്ക് പുതിയ പാഠ്യപദ്ധതിയുടെ ഭാഗമായി തൊഴിൽ പരിശീലനം നൽകും. അധ്യാപകർക്കും പാഠ്യപദ്ധതിയെ കുറിച്ച് പരിശീലനം നൽകും. അക്കാദമിക് കാര്യങ്ങളിലുണ്ടാകുന്ന ജനാധിപത്യ വിരുദ്ധ നിലപാടുകളെ തള്ളുമെന്നും മന്ത്രി അറിയിച്ചു.