India
എസ്ബിഐയില്‍ തൊഴിലവസരം, 12,000 പേരെ നിയമിക്കും; 85 ശതമാനവും എന്‍ജിനീയറിങ് ബിരുദധാരികള്‍
ന്യൂഡല്‍ഹി: തൊഴില്‍ അന്വേഷകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ നടപ്പുസാമ്പത്തികവര്‍ഷം 12000 പേരെ നിയമിക്കും. പ്രൊബേഷനറി ഓഫീസര്‍(പിഒ), അസോസിയേറ്റ് തസ്തികകളിലാണ് നിയമനം നടത്തുക. നിയമിക്കുന്നവരില്‍ 85 ശതമാനവും എന്‍ജിനീയറിങ് ബിരുദധാരികളായിരിക്കുമെന്ന് എസ്ബിഐ ചെയര്‍മാന്‍ ദിനേഷ് ഖര പറഞ്ഞു.
നിയമനത്തില്‍ എന്‍ജിനീയര്‍മാരോട് ഒരു പാക്ഷപാതവും ഉണ്ടാവില്ല. അടുത്തിടെ, ആര്‍ബിഐ സാങ്കേതികവിദ്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും പോരായ്മകള്‍ക്ക് ബാങ്കുകള്‍ക്ക് പിഴ ചുമത്തുകയും ചെയ്തിരുന്നു. സാങ്കേതികവിദ്യയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കാന്‍ ലക്ഷ്യമിട്ടാണ് ഇത്രയും എന്‍ജിനീയര്‍മാരെ കൂട്ടത്തോടെ നിയമിക്കാന്‍ പോകുന്നതെങ്കിലും ഇതിന് ചെലവാക്കുന്ന തുക സംബന്ധിച്ച് ചെയര്‍മാന്‍ വ്യക്തത നല്‍കിയില്ല. എന്നാല്‍ ബാങ്കിങ് വ്യവസായത്തില്‍ സാങ്കേതികവിദ്യ രംഗത്തെ ഏറ്റവും ഉയര്‍ന്ന ചെലവഴിക്കല്‍ ആണെന്ന് ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു. പ്രവര്‍ത്തന ചെലവിന്റെ വ്യവസായ ശരാശരിയായ 7-8 ശതമാനത്തേക്കാള്‍ വളരെ കൂടുതലാണെന്ന് ഒരു ഉദ്യോഗസ്ഥന്‍ അവകാശപ്പെട്ടു.
3000ലധികം പിഒമാര്‍ക്കും 8,000ലധികം അസോസിയേറ്റുകള്‍ക്കും ബാങ്കിംഗ് പരിശീലനം നല്‍കിയ ശേഷം അവരെ വിവിധ ബിസിനസ് റോളുകളിലേക്ക് മാറ്റാനാണ് എസ്ബിഐയുടെ പദ്ധതി. ഉപഭോക്താവിനെ ആകര്‍ഷിക്കുന്നതിനുള്ള പുതിയ വഴികള്‍ തേടുന്നതിന്റെ ഭാഗമായി ബാങ്കിങ്് മേഖല സാങ്കേതികവിദ്യയെ ആശ്രയിക്കുന്നത് വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടെയാണ് എന്‍ജിനീയര്‍മാരെ കൂടുതലായി നിയമിക്കാന്‍ ബാങ്ക് തീരുമാനിച്ചിരിക്കുന്നത്.
‘സാങ്കേതികവിദ്യ വളരെ പ്രധാനമാണ്, ആര്‍ക്കും അത് അവഗണിക്കാന്‍ കഴിയില്ല. ബാങ്കിന് ഇതുമായി ബന്ധപ്പെട്ട് റെഗുലേറ്ററില്‍ നിന്ന് നിരന്തരം മാര്‍ഗനിര്‍ദേശം ലഭിക്കുന്നുണ്ട്’-എസ്ബിഐ ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.