India

സവർക്കർ ബീഫ് കഴിക്കുമായിരുന്നുവെന്ന വിവാദ പരാമർശം; കർണാടക ആരോഗ്യമന്ത്രിക്കെതിരെ കേസ്

Posted on

വി.ഡി.സവർക്കർ ബീഫ് കഴിക്കുമായിരുന്നുവെന്ന വിവാദ പരാമർശം നടത്തിയ കോൺഗ്രസ് നേതാവും കർണാടക ആരോഗ്യമന്ത്രിയുമായ ദിനേശ് ഗുണ്ടു റാവുവിനെതിരെ കേസ്. ബജ്‌റംഗ്‌ദൾ നേതാവും ആക്ടിവിസ്റ്റുമായ തേജസ് ഗൗഡയാണ് മന്ത്രിക്കെതിരെ പരാതി നൽകിയത്. പൊതുസ്ഥലത്ത് സംസാരിക്കുമ്പോൾ ആരോഗ്യമന്ത്രി കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പരാതിക്കാരൻ പറഞ്ഞു.

”ആരോഗ്യമന്ത്രിയെന്ന ഉത്തരവാദിത്തമുള്ള ഒരു പദവി വഹിക്കുന്ന അദ്ദേഹം മാധ്യമങ്ങളെ അഭിസംബോധന ചെയ്യുമ്പോഴോ പൊതുവേദികളിൽ സംസാരിക്കുമ്പോഴോ ശ്രദ്ധിക്കണം. വീർ സവർക്കറിനെക്കുറിച്ച് അദ്ദേഹം നടത്തിയ പ്രസ്താവന ഒരിക്കലും അംഗീകരിക്കാനാവില്ല. ബ്രാഹ്മണനായ സവർക്കർ ബീഫ് കഴിച്ചിരുന്നുവെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. സവർക്കർ ബീഫ് കഴിച്ചതിന് താങ്കളുടെ പക്കൽ എന്തെങ്കിലും തെളിവുണ്ടോ? അതോ വീർ സവർക്കർ നിങ്ങളുടെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് അത് സമ്മതിച്ചോ?” തേജസ് ഗൗഡ ചോദിച്ചു. ഈ വിഷയത്തിൽ ഒരു തുറന്ന ചർച്ചയ്ക്ക് ഗൗഡ മന്ത്രിയെ വെല്ലുവിളിക്കുകയും ചെയ്തു.

ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ബെംഗളൂരുവിൽ സംഘടിപ്പിച്ച ഒരു പരിപാടിയിലാണ് മന്ത്രി വിവാദ പരാമർശം നടത്തിയത്. സവർക്കർ ഗോവധത്തെ എതിർത്തിരുന്നില്ല. ചിത്പവൻ ബ്രാഹ്മണനായിരുന്നുവെങ്കിലും ഒരു നോൺ വെജിറ്റേറിയനായിരുന്നു. സവർക്കർ ബീഫ് കഴിക്കുകയും അത് പരസ്യമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് മന്ത്രി ദിനേശ് ഗുണ്ടു റാവു പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version