പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ പാലക്കാട്ട് ആര് ജയിക്കണം എന്ന് ജനം തീരുമാനിക്കട്ടെ എന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. പി. സരിന്‍റെ ഭാര്യ ഡോ. സൗമ്യ സരിൻ. വ്യക്തമായ കാഴ്ചപ്പാടുള്ള, നിശ്ചയദാർഢ്യമുള്ള ജനപ്രതിനിധിയാവണം പാലക്കാട്ട് വരേണ്ടതെന്നും സൗമ്യ പറഞ്ഞു.
സൗമ്യയുടെ വാക്കുകൾ:
”നമ്മൾ ഒരാൾക്ക് വോട്ട് ചെയ്യുമ്പോൾ നമ്മുടെ നാട്ടിൽ വികസനം വരണമെന്നാണ് ഉദ്ദേശ്യം. എന്നെ സംബന്ധിച്ച് പാലക്കാട് ഇന്നും പുറകോട്ട് നിൽക്കുന്ന ജില്ലകളിലൊന്നാണ്. വ്യക്തമായ കാഴ്ചപ്പാടുള്ള, നിശ്ചയദാർഢ്യമുള്ള, ആ നാടിന് എന്താണ് വേണ്ടത് എന്ന് കൃത്യമായ ബോധ്യമുള്ള, അതിന് സമയം കണ്ടെത്തുന്ന, ആളുകൾക്കിടയിൽനിന്ന് പ്രവർത്തിക്കാൻ കഴിയുന്ന ജനപ്രതിനിധിയാവണം അവിടെ വരുന്നത്. അത് ആരാണ് എന്നത് ജനങ്ങൾ തീരുമാനിക്കട്ടെ. അത് ഞാൻ അവർക്ക് വിട്ടുകൊടുക്കുകയാണ്.”
അതേസമയം പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ കാറോ പെട്ടിയോ അല്ല പ്രശ്നമെന്നും വിതരണം ചെയ്യാന്‍ കൊണ്ടുവന്ന പണം കണ്ടെത്തണമെന്നും എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി. സരിന്‍ പറഞ്ഞു. വിട്ടുനില്‍ക്കുന്ന പ്രവര്‍ത്തകരെ സജീവമാക്കാനാണ് പണം എത്തിച്ചത്. ഒരു ബൂത്തില്‍ 30,000 രൂപ വീതം പണം നല്‍കുന്നുണ്ട്. ജനാധിപത്യത്തെ പണം കൊടുത്തു വാങ്ങാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് എതിര്‍ക്കപ്പെടണമെന്നും സരിന്‍ പറഞ്ഞു.