കൊല്‍ക്കത്ത: സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഉന്നത ഉദ്യോഗസ്ഥനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി മൗനം പാലിക്കുന്നുവെന്ന് ആരോപണം. ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ പോരാടുന്ന വിമണ്‍ എഗെയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ്(വാഷ്)എന്ന സംഘടനയാണ് ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്.
സംഭവത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇന്റേണല്‍ കമ്മിറ്റി ചെയര്‍മാന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. രണ്ടുമാസം കഴിഞ്ഞിട്ടും ആ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടിക്കായി ചെയര്‍മാന്‍ തീരുമാനം എടുത്തില്ല എന്നാണ് പരാതിക്കാരിയായ അസിസ്റ്റന്റ് പ്രൊഫസര്‍ ആരോപിക്കുന്നത്.
ശാരീരിക ആക്രമണം, ലൈംഗികാതിക്രമം, ജാതി അധിക്ഷേപം, അസഭ്യപരാമര്‍ശങ്ങള്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ പരാതികളാണ് യുവതി ഇന്റേണല്‍ കമ്മിറ്റിക്ക് നല്‍കിയിരുന്നത്. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാത്ത സുരേഷ് ഗോപിയുടെ നടപടിക്കെതിരെതിരെയാണ് വിമര്‍ശനം ശക്തമാകുന്നത്. നീതി തേടി പരാതിക്കാരി വാര്‍ത്താ വിതരണ മന്ത്രാലയത്തിന് നല്‍കിയ പരാതിയിലും നടപടിയുണ്ടായില്ലെന്നും ആരോപണമുണ്ട്.