India
ബംഗ്ലാദേശ് പ്രക്ഷോഭം; ജനാധിപത്യ വിപ്ലവം അരാജകത്വത്തിലേക്ക് വഴി മാറുന്നത് വേദനാജനകം: ശശി തരൂർ
ന്യൂഡൽഹി: ബംഗ്ലാദേശിൽ നടന്നു കൊണ്ടിരിക്കുന്ന അക്രമണ സംഭവങ്ങൾക്കിടെ ഇന്ത്യ ബംഗ്ലാദേശ് സൗഹൃദത്തിന്റെ പ്രതീകങ്ങൾ തകർക്കപ്പെടുന്നത് വേദനാജനകമെന്ന് ശശി തരൂർ എംപി. അയൽ രാജ്യത്തെ ജനാധിപത്യ വിപ്ലവമായി വാഴ്ത്തപ്പെട്ട സംഭവം അരാജകത്വത്തിലേക്കും ഹിന്ദു ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിലേക്കും ദിശ തെറ്റി മാറുന്നത് ദയനീയമാണെന്നും ശശി തരൂർ പറഞ്ഞു.
‘ ജനകീയ വിപ്ലവം എന്ന് വാഴ്ത്തപ്പെട്ടത് അരാജകത്വത്തിലേക്കും ഹിന്ദു ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള അക്രമത്തിലേക്കും അധഃപതിച്ചത് അങ്ങേയറ്റം ദാരുണമാണ്. അയൽ രാജ്യമെന്ന നിലയിൽ ബംഗ്ലാദേശിലെ ജനങ്ങൾക്കൊപ്പം നിൽക്കാനുള്ള ബാധ്യത നമുക്കുണ്ട്. ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ സൗഹൃദത്തിൻ്റെ എല്ലാ പ്രതീകങ്ങളും ആക്രമിക്കപ്പെടുമ്പോൾ നിശബ്ദത പാലിക്കുന്നത് കുറ്റകരമാണ് എന്നും എഎൻഐയോടുള്ള അഭിമുഖത്തിൽ കോൺഗ്രസ് നേതാവ് പറഞ്ഞു ബംഗ്ലാദേശിനെ പാകിസ്താൻ ആക്രമിച്ചപ്പോൾ ഇന്ത്യൻ സൈനികർ പിന്തുണ നൽകി സംരക്ഷിച്ചതിനെ തുടർന്ന് ധാക്കയിലുണ്ടാക്കിയ സ്മാരകവും ഇന്ത്യൻ സാംസ്കാരിക കേന്ദ്രവും കലാപകാരികൾ തകർത്തത് നീതീകരിക്കാനാവില്ല, ഇത് തെറ്റായ സന്ദേശമാണ് ലോകത്തിന് നൽകുക എന്നും ശശി തരൂർ പറഞ്ഞു.
1971ലെ ബംഗ്ലാദേശ് വിമോചന സമരത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കുള്ള 30 ശതമാനം സർക്കാർ ജോലിയിലെ സംവരണം പുനഃരാരംഭിക്കാനുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയതാണ് ബംഗ്ലാദേശിൽ സ്ഥിഗതികൾ വഷളാക്കിയത്. 2018ൽ എടുത്തുകളഞ്ഞ സംവരണം തിരികെ കൊണ്ടുവരാനുള്ള നടപടിക്കെതിരെ ധാക്കയുൾപ്പെടെയുള്ള നഗരങ്ങളിലെ നൂറുക്കണക്കിന് യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ തെരുവിലിറങ്ങി . ഇതിനിടെ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി താൽക്കാലികമായി റദ്ദാക്കിയെങ്കിലും പ്രതിഷേധം തണുപ്പിക്കാൻ സാധിച്ചില്ല. ഇതിന് പിന്നാലെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വെയ്ക്കണമെന്ന ആവശ്യവുമായി പ്രതിഷേധക്കാർ പ്രക്ഷോഭം കടുപ്പിച്ചു. സംവരണ വിരുദ്ധ പ്രക്ഷോഭകരും ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയും നേർക്കുനേർ എത്തിയതോടെയാണ് പ്രക്ഷോഭം രക്തരൂക്ഷിതമായി. ഹസീന രാജി വെച്ച് രാജ്യം വിടുകയും നോബൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ രൂപീകരിക്കുകയും ചെയ്തുവെങ്കിലും രാജ്യത്തിൻറെ സമാധാനാന്തരീക്ഷം ഇത് വരെ വീണ്ടെടുക്കാനായിട്ടില്ല.