Kerala
‘മാൻ ഓഫ് ദ മാച്ച്’,രാഹുൽ ഗാന്ധി ലോക്‌സഭയിൽ പ്രതിപക്ഷ നേതാവാകണമെന്ന് ശശി തരൂർ
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ മാൻ ഓഫ് ദ മാച്ച് രാഹുൽ ഗാന്ധിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ. അദ്ദേഹം ലോക്‌സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു. ബിജെപിയുടെ അഹങ്കാരത്തിനും ഏകാധിപത്യ ഭരണശൈലിക്കും ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ അവരുടെ തോല്‍വിക്ക് കാരണമെന്നും തരൂര്‍ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് ശശി തരൂരിന്റെ പ്രതികരണം.
‘രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാജ്യത്തുടനീളം വിപുലമായ പ്രചാരണം നടത്തിയിരുന്നു. ഖാര്‍ഗെ രാജ്യസഭയില്‍ പ്രതിപക്ഷത്തെ നയിക്കുകയാണ്. അതിനാല്‍ രാഹുല്‍ ലോക്‌സഭയില്‍ സമാന ചുമതല ഏറ്റെടുക്കുന്നത് എന്തുകൊണ്ടും അനുയോജ്യമാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് തന്റെ അഭിപ്രായം പരസ്യമായും വ്യക്തിഗതമായും അറിയിച്ചിട്ടുണ്ട്’, ശശി തരൂർ പറഞ്ഞു.