Kerala
മനസിൽ ആഗ്രഹിച്ച ശമ്പളം ലഭിച്ചില്ലെങ്കിൽ മറുകണ്ടം ചാടുന്ന കരിയറല്ല രാഷ്ട്രീയം, അത് സഹനമാണ്: സരിനെതിരെ ശബരീനാഥൻ
കൊച്ചി: പി സരിനെതിരെ ഫേസ്ബുക്ക് കുറിപ്പുമായി കോൺഗ്രസ് നേതാവ് കെ എസ് ശബരീനാഥൻ. ഇഷ്ടമുള്ള സ്ഥലത്ത് പോസ്റ്റിങ്ങ് ലഭിച്ചില്ലെങ്കിൽ, മനസ്സിൽ ആഗ്രഹിച്ച ശമ്പളം ലഭിച്ചില്ലെങ്കിൽ മറുകണ്ടം ചാടുന്ന കരിയർ അല്ല രാഷ്ട്രീയമെന്ന് ശബരീനാഥൻ വിമർശിച്ചു. രാഷ്ട്രീയം സേവനമാണെന്നും സഹനമാണെന്നും പറഞ്ഞ അദ്ദേഹം സരിന് അത് താമസിയാതെ ബോധ്യമാകുമെന്നും കൂട്ടിച്ചേർത്തു. കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ സരിന്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രമായി മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കുറിപ്പ്.
ഫേസ്ബുക്ക് കുറിപ്പ്
സരിൻ,
താങ്കളുമായി അടുക്കാനുള്ള പ്രധാനപ്പെട്ട കാരണം താങ്കൾ വ്യത്യസ്തനാണ് എന്നൊരു വിശ്വാസം കൊണ്ടായിരുന്നു. പക്ഷെ കഴിഞ്ഞ രണ്ടു ദിവസങ്ങളിലെ, പ്രത്യേകിച്ച് ഇന്നത്തെ കോലാഹലങ്ങൾ കണ്ടപ്പോൾ താങ്കളോട് സഹതാപം തോന്നി.
ഇഷ്ടമുള്ള സ്ഥലത്ത് പോസ്റ്റിങ്ങ് ലഭിച്ചില്ലെങ്കിൽ, മനസ്സിൽ ആഗ്രഹിച്ച ശമ്പളം ലഭിച്ചില്ലെങ്കിൽ മറുകണ്ടം ചാടുന്ന കരിയർ അല്ല രാഷ്ട്രീയം. രാഷ്ട്രീയം സേവനമാണ്, അത് സഹനമാണ്. താങ്കൾക്ക് അത് താമസിയാതെ ബോധ്യമാകും.
ശബരി
നാളെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന് ശേഷം പി സരിന്‍റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. പി സരിന് പൂർണ പിന്തുണയാണ് പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് നൽകിയിരിക്കുന്നത്. പാലക്കാട് സ്ഥാനാർത്ഥിത്വം സംബന്ധിച്ച് നേരത്തെ തന്നെ പാർട്ടിയിൽ തീരുമാനമായിരുന്നു. സരിന്റെ തീരുമാനമെത്തിയതിന് ശേഷം പ്രഖ്യാപനം നടത്താമെന്ന നിലപാടിലായിരുന്നു നേതൃത്വം. സിപിഐഎമ്മിന്റെ സ്വതന്ത്രനായാണ് സരിൻ പാലക്കാട് മത്സരത്തിനിറങ്ങുക.
പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനെ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു എതിർപ്പുമായി പി സരിൻ രംഗത്തെത്തിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പടെയുള്ളവർക്കെതിരെ രൂക്ഷ വിമർശനമാണ് സരിൻ ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് സരിൻ പാലക്കാട് ഇടത് സ്വതന്ത്രനായേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിൽ ഇതുസംബന്ധിച്ച് ധാരണയായിരുന്നു. സരിൻ സ്ഥാനാർത്ഥിയാകുന്നത് സിപിഐഎമ്മിന് ഗുണം ചെയ്യുമെന്നായിരുന്നു വിലയിരുത്തൽ.