Kerala

കറുപ്പിന് എന്താണിത്ര കുഴപ്പം? നിറത്തിന്റെ പേരിൽ അധിക്ഷേപം നേരിട്ടെന്ന് ശാരദാ മുരളീധരൻ

Posted on

തിരുവനന്തപുരം: നിറത്തിന്റെ പേരിൽ അധിക്ഷേപം നേരിട്ടെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ. ഇത് സംബന്ധിച്ച വൈകാരിക ഫേസ്ബുക്ക് കുറിപ്പ് ശാരദാ മുരളീധരൻ പങ്കുവെച്ചു. ഭർത്താവും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. വി വേണുവിനെയും തന്നെയും നിറത്തിന്റെ പേരിലൊരാൾ താരതമ്യപ്പെടുത്തിയെന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. വേദന തോന്നിയെന്നും കറുപ്പിനോട് ഇത്രയും നിന്ദ എന്തിനാണെന്നും അവർ ചോദിക്കുന്നു.

നാലുവയസ്സുള്ളപ്പോൾ അമ്മയോട് തന്നെ ഗർഭപാത്രത്തിലേക്ക് തിരിച്ചെടുത്ത് വെളുത്തനിറമുള്ള സുന്ദരിക്കുട്ടിയായി ഒന്നുകൂടെ ജനിപ്പിക്കുമോ എന്ന് ചോദിച്ചിട്ടുള്ളതായും അവർ പറയുന്നു. കറുപ്പിൽ സൗന്ദര്യമോ ഗുണമോ കാണാൻ തനിക്കു മടിയായിരുന്നുവെന്നും അതു തിരുത്തിയത് തന്റെ മക്കളാണെന്നും ചീഫ് സെക്രട്ടറി കൂട്ടിച്ചേർത്തു.

‘കഴിഞ്ഞ 7 മാസം മുഴുവൻ എന്റെ മുൻഗാമിയുമായുള്ള ഇത്തരം താരതമ്യങ്ങളുടെ ഘോഷയാത്രയായിരുന്നതിനാൽ എനിക്കിപ്പോൾ ഇത് കേട്ട് ശീലവുമായെന്നു പറയാം. പക്ഷേ കറുപ്പിനോട് ഇത്രയും നിന്ദ എന്തിനാണ്? പ്രപഞ്ചത്തിലെ സർവവ്യാപിയായ പൊരുളാണ് കറുപ്പ്. എന്തിനെയും ആഗിരണം ചെയ്യാൻ കഴിവുള്ളതാണു കറുപ്പ്. മനുഷ്യകുലത്തിന് അറിയാവുന്നിടത്തോളം ഏറ്റവും കരുത്തുറ്റ ഊർജത്തിന്റെ തുടിപ്പാണത്. എല്ലാവർക്കും ചേരുന്ന നിറപ്പൊരുത്തമാണത്. കറുപ്പ് പ്രപഞ്ചത്തിന്റെ സർവ്വവ്യാപിയായ സത്യമാണ്.

നാലുവയസ്സുള്ളപ്പോൾ ഞാൻ അമ്മയോട് ചോദിച്ചിട്ടുണ്ട്, ഗർഭപാത്രത്തിലേക്ക് എന്നെ തിരിച്ചെടുത്ത് വെളുത്തനിറമുള്ള സുന്ദരിക്കുട്ടിയായി ഒന്നുകൂടെ ജനിപ്പിക്കുമോ എന്ന്. കറുപ്പിൽ സൗന്ദര്യമോ ഗുണമോ കാണാൻ എനിക്കു മടിയായി. വെളുത്ത ചർമം വിസ്മ‌യമായി. ഫെയർ എന്ന തോന്നലുള്ള എന്തിനോടും, അതെല്ലാം നല്ലതും പൂർണഗുണങ്ങളാൽ സുന്ദരവുമായി തോന്നി. ഇതൊന്നുമല്ലാത്ത ഞാൻ താണതരത്തിൽപെട്ട, മറ്റേതെങ്കിലും വിധത്തിൽ അതിനു പരിഹാരം കാണേണ്ട ഒരാളെന്ന ബോധം ഉറയ്ക്കുകയായിരുന്നു. ഇതിനൊരു അവസാനമുണ്ടാക്കിയത് എന്റെ മക്കളാണ്. ഞാൻ കാണാതിരുന്ന ഭംഗി അവരതിൽ കണ്ടെത്തിക്കൊണ്ടേയിരുന്നു. കറുപ്പെന്നാൽ അതിസുന്ദരമാണെന്ന് അവർ കരുതി. കറുപ്പിന്റെ അഴക് എനിക്കവർ കാട്ടിത്തന്നു.’ ശാരദാ മുരളീധരൻ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version