Kerala

കാറില്‍ സ്വിമ്മിങ് പൂള്‍ ഒരുക്കിയത് അറിവില്ലായ്മ കൊണ്ട്; കടുത്ത നടപടി സ്വീകരിക്കരുത്; വിശദീകരണവുമായി സഞ്ജു ടെക്കി

ആലപ്പുഴ: കാറില്‍ സ്വിമ്മിങ് പൂള്‍ തയ്യാറാക്കി യാത്ര നടത്തിയ സംഭവത്തില്‍ യൂട്യൂബര്‍ സഞ്ജു ടെക്കി മോട്ടോര്‍ വാഹന വകുപ്പിന് വിശദീകരണം നല്‍കി. വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നത് ഗതാഗത നിയമത്തിന്റെ ലംഘനമാണെന്ന് അറിയില്ലായിരുന്നുവെന്നാണ് സഞ്ജുവിന്റെ വിശദീകരണം. തന്റെ അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്നും കൂടുതല്‍ കടുത്ത നടപടികളിലേക്ക് കടക്കരുതെന്നും സഞ്ജു ടെക്കി എംവിഡിയെ അറിയിച്ചു. വിശദീകരണം പരിശോധിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ അറിയിച്ചു.

സംഭവത്തില്‍ സഞ്ജു ടെക്കിയും സുഹൃത്തുക്കളും ആലപ്പുഴ മെഡിക്കല്‍ കോളജില്‍ സാമൂഹിക സേവനത്തിലാണ്. 15 ദിവസത്തെ സാമൂഹിക സേവനം ജൂണ്‍ 11 നാണ് ആരംഭിച്ചത്. ശിക്ഷാ നടപടിയുടെ ഭാഗമായിട്ടാണ് സേവനം. സഞ്ജുവും കാര്‍ ഓടിച്ച സൂര്യനാരായണനുമാണ് കേസിലെ പ്രതികള്‍.

യൂട്യൂബില്‍ 4 ലക്ഷം ഫോളോവേഴ്സുള്ള സഞ്ജു ടെക്കി സ്വന്തം വാഹനമായ ടാറ്റാ സഫാരിയിലായിരുന്നു സ്വിമ്മിങ്പൂളൊരുക്കിയത്. കാറിന് നടുവിലെ രണ്ട് സീറ്റുകള്‍ മാറ്റി പകരം പ്ലാസ്റ്റിക് ടര്‍പോളിന്‍ കൊണ്ട് സ്വിമ്മിംഗ് പൂള്‍ തയ്യാറാക്കി. തുടര്‍ന്ന് മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം അമ്പലപ്പുഴയിലെ റോഡിലൂടെ കാറിനുള്ളില്‍ കുളിച്ചു കൊണ്ട് യാത്ര ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ ട്യൂബില്‍ പോസ്റ്റ് ചെയ്തു. യാത്രക്കിടെ ടര്‍പോളിന് ചോര്‍ച്ചയുണ്ടായി വെള്ളം കാറിനുള്ളില്‍ പടര്‍ന്നു. എന്‍ജിനിലടക്കം വെള്ളം കയറി. വശത്തെ സീറ്റിലെ എയര്‍ ബാഗ് പൊട്ടിത്തെറിക്കുകയും ചെയ്തു. ഇതോടെ ഇവര്‍ വെള്ളം മുഴുവന്‍ റോഡിലേയ്ക്ക് ഒഴുക്കിവിട്ടു. യൂട്യൂബിലെ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് വിഭാഗം കാര്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top