Kerala

അന്നു മിണ്ടാതിരുന്നു, നിവിന്‍ പോളിക്കെതിരെ ആരോപണം വന്നപ്പോള്‍ വാര്‍ത്താക്കുറിപ്പിറക്കി; പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസ്

കൊച്ചി : പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെ നിര്‍മ്മാതാവ് സാന്ദ്ര തോമസ്. താരസംഘടനയായ അമ്മയുടെ ഉപസംഘടനയായിട്ടാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്ന് സാന്ദ്ര കുറ്റപ്പെടുത്തി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ വലിയ മൗനം പാലിച്ച സംഘടന, എന്നാല്‍ നിവിന്‍പോളിക്കെതിരായ ആരോപണം വന്നപ്പോള്‍ നിമിഷങ്ങള്‍ക്കകം വാര്‍ത്താക്കുറിപ്പ് ഇറക്കിയെന്ന് സാന്ദ്ര തോമസ് പറഞ്ഞു. ചിലര്‍ സ്വേച്ഛാധിപത്യത്തോടെ വെച്ചുകൊണ്ടിരിക്കേണ്ടതല്ല ഈ സംഘടനയെന്നും സാന്ദ്ര തോമസ് തുറന്നടിച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിറ്റേന്നു മുതല്‍ വിഷയത്തില്‍ മുന്നോട്ടു വന്നു സംസാരിക്കണമെന്ന് അസോസിയേഷനോട് ആവശ്യപ്പെട്ടിരുന്നു. ചര്‍ച്ച ചെയ്യേണ്ട വിഷയമാണെന്നും പ്രതികരിക്കണമെന്നും ആവശ്യപ്പെട്ടിട്ടും, ഇതു നമ്മളെ സംബന്ധിക്കുന്ന വിഷയമല്ല എന്ന സമീപനമാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തലപ്പത്തുള്ളവര്‍ സ്വീകരിച്ചത്. ഇതേത്തുടര്‍ന്നാണ് തനിക്ക് പുറത്തു പ്രതികരിക്കേണ്ടി വന്നതെന്ന് സാന്ദ്ര തോമസ് പറഞ്ഞു.

വിഷയത്തില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് കത്തു കൊടുത്തു. എന്നാല്‍ ഇത് അംഗങ്ങളോട് ആരോടും ചര്‍ച്ച ചെയ്യാതെയാണെന്ന് സാന്ദ്ര തോമസ് പറഞ്ഞു. ചുരുങ്ങിയ പക്ഷം എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെങ്കിലും ചര്‍ച്ച ചെയ്തിട്ടു വേണമായിരുന്നു നല്‍കേണ്ടിയിരുന്നത്. കാരണം ഈ കത്ത് നിര്‍മ്മാതാക്കളുടെ അഭിപ്രായമായിട്ടാണ് പൊതുവില്‍ കണക്കാക്കപ്പെടുക. മുഖ്യമന്ത്രിക്ക് അസോസിയേഷന്‍ നല്‍കിയ കത്ത് ഏകപക്ഷീയം ആയിരുന്നുവെന്നും സാന്ദ്ര തോമസ് ആരോപിച്ചു.

പത്രക്കുറിപ്പുകള്‍ ഇറക്കുന്നതല്ലാതെ, മുന്നോട്ടു വന്നു സംസാരിക്കാന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സംഘടനയും അതിന്റെ ഭാരവാഹികളും ഭയപ്പെടുകയാണെന്നും സാന്ദ്ര തോമസ് പറഞ്ഞു. ഒരുപാട് ആഗ്രഹിച്ചാണ് സിനിമ നിര്‍മ്മിച്ചതും സിനിമാ നിര്‍മ്മാതാക്കളുടെ സംഘടനയുടെ ഭാഗമാകാന്‍ ശ്രമിച്ചതും. രണ്ടു സിനിമകള്‍ ചെയ്താല്‍ മാത്രമേ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ അംഗമാകാന്‍ കഴിയൂ എന്നായിരുന്നു തനിക്ക് ലഭിച്ച വിവരം. എട്ടു സിനിമകള്‍ സ്വന്തം പേരില്‍ സെന്‍സര്‍ ചെയ്യുകയും രണ്ടു സിനിമകളുടെ കോ പ്രൊഡ്യൂസറുമായി, ഒരു സിനിമ സ്വന്തമായിട്ട് നിര്‍മ്മിക്കുകയും ചെയ്തു. എന്നാല്‍ ഒരു സിനിമ മാത്രമേ തന്റെ ബാനറില്‍ നിര്‍മ്മിച്ചിട്ടുള്ളൂ എന്നു പറഞ്ഞ് കഴിഞ്ഞ തവണ അസോസിയേഷന്‍ ഇലക്ഷനില്‍ നിന്നും മാറ്റി നിര്‍ത്തിയെന്ന് സാന്ദ്ര തോമസ് പറഞ്ഞു.

ഈ സംഘടന എല്ലാവരുടേതുമാണ്. സംഘടനയെ ചിലര്‍ കയ്യടക്കി വെച്ചിരിക്കുകയാണ്. അവര്‍ ആ പിടിവിടേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ കണ്ടെത്തലിനോട് നൂറു ശതമാനം യോജിക്കുകയാണ്. കമ്മിറ്റിക്ക് താനും മൊഴി കൊടുത്തിരുന്നു. മൊഴി പുറത്തു വരരുതെന്ന് നടിമാര്‍ പറയുന്നത് സിനിമയിലെ പവര്‍ ഗ്രൂപ്പിനെയും, സിനിമയിലെ പ്രബലന്മാരെയും ഭയന്നിട്ടാണ്. ഇനിയും ഭയന്നിരുന്നിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കണം. സിനിമാമേഖല ഓപ്പണാക്കണം. അല്ലാതെ കുറച്ചുപേരുടെ ഭാഗമായി മാത്രമിരിക്കുകയും അവര്‍ക്ക് ഇഷ്ടപ്പെട്ടവര്‍ക്ക് മാത്രം അഭിനയിക്കാനും നിര്‍മ്മിക്കാനും അവസരം കൊടുക്കുന്നതും തെറ്റായ പ്രവണതയാണെന്ന് സാന്ദ്ര തോമസ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top