Politics
ഇനിയുള്ള ജീവിതം ബാപ്പുജിയുടെ ആശയങ്ങളുടെ പ്രചാരകനായി: സന്ദീപ് വാര്യർ
കോഴിക്കോട്: ഇത്രയും കാലം താൻ ആരെയാണോ അകറ്റാൻ ശ്രമിച്ചത് അവർ തന്നെയാണ് തന്നെ സ്നേഹാശ്ലേഷങ്ങളുമായി പൊതിഞ്ഞതെന്ന് സന്ദീപ് വാര്യർ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് സന്ദീപ് വാര്യർ തൻ്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
സനാതന ഹിന്ദുവായി ജീവിക്കാനും മരിക്കാനും തനിക്ക് ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല. വെറുപ്പും വിദ്വേഷവും ജീവിതത്തിൽ പകർത്താത്ത ഒട്ടേറെ സനാതന ഹിന്ദുക്കൾ ഈ രാജ്യത്ത് ഇപ്പോഴുമുണ്ടെന്നും അവരിൽ ഒരാളായി താൻ കഴിഞ്ഞോളാമെന്നും സന്ദീപിൻ്റെ ഫേസ്ബുക്ക് കുറിപ്പിലുണ്ട്. ശിക്ഷ കഴിഞ്ഞ് ഇറങ്ങിയിട്ട് പോലും മോചിതനാകാൻ സമ്മതിക്കാത്ത മലയാളി സമൂഹത്തിൻ്റെ കഥ ലോഹിതദാസ് സേതുമാധവൻ എന്ന കഥാപാത്രത്തിലൂടെ വരച്ചിട്ടിട്ടുണ്ടെന്ന് സൂചിപ്പിച്ച്, വെറുപ്പിന്റെ പക്ഷം വിട്ടെറിഞ്ഞു വന്ന തന്നെ ആളുകൾ സ്വീകരിച്ചുവെന്നും അവർ തന്നെ സ്നേഹത്തോടെയാണ് നോക്കി കണ്ടതെന്നുമാണ് സന്ദീപ് കുറിച്ചിരിക്കുന്നത്.
ഇനിയുള്ള കാലം താൻ ബാപ്പുജിയുടെ ആശയങ്ങളുടെ പ്രചാരകനായി തുടരുമെന്നും കുറിപ്പിലുണ്ട്. ‘വെറുപ്പിന്റെ ഫാക്ടറിയിൽ തുടരുന്നവരുടെ പരിഹാസങ്ങൾക്ക് മലയാളി ചുമ്മാ തൊലിച്ചു കളയുന്ന ഉള്ളി തൊലിയുടെ വില പോലും നൽകുന്നില്ല. സനാതന ഹിന്ദുവായി ജീവിക്കാനും മരിക്കാനും ഈ വിമർശിക്കുന്ന ആരുടെയും സർട്ടിഫിക്കറ്റ് എനിക്ക് ആവശ്യമില്ലാ’യെന്നും സന്ദീപ് വാര്യർ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.