മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. മൻമോഹൻ സിങ്ങിന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സന്ദീപ് വാര്യർ. നാമിന്ന് കാണുന്ന ആധുനിക ഇന്ത്യയുടെ സൃഷ്ടാവ് ആരാണെന്ന് ചോദിച്ചാൽ അതിനൊരു ഉത്തരമേയുള്ളൂ അതാണ് മൻമോഹൻ സിങ് എന്ന് സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്.
സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ…
സിംഗ് ഈസ് കിംഗ്… ഇന്ത്യ യുഎസ് ആണവ കരാർ സഖ്യകക്ഷികളായ ഇടത് സമ്മർദ്ദത്തിന് വഴങ്ങാതെ യാഥാർത്ഥ്യമാക്കിയ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ ലോകമാധ്യമങ്ങൾ വിശേഷിപ്പിച്ചത് അപ്രകാരമായിരുന്നു. ശരിക്കും ജനഹൃദയങ്ങളിൽ അക്കാലത്ത് സിംഗ് കിംഗ് ആയിരുന്നു.
ഒരാഴ്ചത്തെ ആവശ്യത്തിനുള്ള വിദേശ കരുതൽ നിക്ഷേപം പോലുമില്ലാതെ ഇന്ത്യൻ സമ്പദ് വ്യവസ്ഥ വിറങ്ങലിച്ചു നിന്ന തൊണ്ണൂറുകളിൽ ലിബറലൈസേഷൻ, പ്രൈവറ്റൈസേഷൻ, ഗ്ലോബലൈസേഷൻ എന്നീ മന്ത്രങ്ങളിലൂടെ കൈപിടിച്ചുയർത്തിയ മാന്ത്രികൻ തന്നെയായിരുന്നു സിംഗ്.
അക്കാലത്ത് മൻമോഹൻസിംഗിന്റെ ഉദാരവൽക്കരണ നയങ്ങൾക്കെതിരെ ശക്തമായ നിലപാടെടുത്തിരുന്ന ഇടത്, ബിജെപി പാർട്ടികൾക്കും പിന്നീട് അവരുടെ നിലപാടുകൾ തിരുത്തേണ്ടി വന്നത് ചരിത്രം. നാമിന്നു കാണുന്ന ആധുനിക ഇന്ത്യയുടെ സൃഷ്ടാവ് ആരാണെന്ന് ചോദിച്ചാൽ അതിനൊരു ഉത്തരമേയുള്ളൂ .. അതാണ് മൻമോഹൻ സിംഗ്. ആദരാഞ്ജലികൾ