കോഴിക്കോട്: ബിജെപിയിലേക്കുള്ള കോണ്‍ഗ്രസ് നേതാക്കളുടെ കൂറുമാറ്റത്തില്‍ രൂക്ഷവിമര്‍ശനവുമായി സമസ്ത. കൊല്ലാനാണോ വളര്‍ത്താനാണോ കൊണ്ടുപോകുന്നതെന്ന ധാരണ പോലുമില്ല. മറിച്ച് വിളിക്കും മുമ്പേ വിളിപ്പുറത്തെത്താന്‍ കാത്തിരിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍ എന്ന് സമസ്ത വിമര്‍ശിച്ചു. ‘പേടിപ്പിക്കുന്ന കൂടുമാറ്റങ്ങള്‍’ എന്ന തലക്കെട്ടില്‍ മുഖപത്രമായ സുപ്രഭാതത്തിലെ എഡിറ്റോറിയലിലൂടെയാണ് വിമര്‍ശനം.
പണവും പദവിയും മോഹിച്ചാണ് ബിജെപിയിലേക്കുള്ള കൂടുമാറ്റം. ജനാധിപത്യ മതേതര വിശ്വാസികളുടെ പ്രതീക്ഷകളെയാണ് കോണ്‍ഗ്രസ് ഇല്ലാതാക്കുന്നത്. മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്‌റുവും ലാല്‍ ബഹദൂര്‍ ശാസ്ത്രിയും ഇന്ദിരാഗാന്ധിയും വിഭാവനം ചെയ്ത മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് ആശയങ്ങളുടെ പിന്‍മുറക്കാരാണ് നിര്‍ലജ്ജം ഫാസിസ്റ്റ് കൂടാരത്തില്‍ ചേരുന്നതെന്നും സമസ്ത കുറ്റപ്പെടുത്തി.
ജനാധിപത്യത്തിനോ മതനിരപേക്ഷതയ്‌ക്കോ ഇന്ത്യന്‍ ഭരണഘടനയ്‌ക്കോ പോലും കാല്‍ക്കാശിന്റെ വില കല്‍പ്പിക്കാത്ത പാര്‍ട്ടിയിലേക്കാണ് ഈ കുടിയേറ്റം എന്നത് എന്തുകഷ്ടമാണ്. കോണ്‍ഗ്രില്‍ നിന്നും സിപിഐഎമ്മിലേക്കോ തിരിച്ചോ ആയിരുന്നു ഈ പോക്കെങ്കില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലായിരുന്നു. കാരണം ജനാധിപത്യത്തിന്റെയും മതേതരത്തിന്റെയും ജീവവായു ആ പാര്‍ട്ടികളിലൊക്കെ ഇപ്പോഴും വറ്റാതെ കിടപ്പുണ്ടെന്നും സമസ്ത അഭിപ്രായപ്പെട്ടു.