കൈവെട്ട് പരാമർശം നടത്തിയ എസ്കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂരിനെതിരെ സമസ്ത മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പുത്തനഴി മൊയ്തീൻ ഫൈസി. തീവ്രസ്വഭാവത്തിൽ സംസാരിക്കുന്നത് സമസ്തയുടെ ശൈലിയല്ല. ഇത്തരം പരാമർശങ്ങൾ സമസ്തയുടെ നേതാക്കൾ പറയാറില്ലെന്നും തീവ്രവാദികൾക്ക് എതിരെ എന്നും നിലപാട് എടുത്ത പ്രസ്ഥാനമാണ് സമസ്തയെന്നും പുത്തനഴി മൊയ്തീൻ ഫൈസി വ്യക്തമാക്കി.
എൻഡിഎഫ് അടക്കമുള്ള തീവ്രവാദ സംഘടനകൾ വന്നപ്പോൾ പ്രതിരോധം തീർത്തവരാണ് സമസ്ത. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയ്ക്ക് കീഴിൽ ഉള്ള ഒരു സംഘടനയ്ക്കും തീവ്രവാദ ശൈലി ഇല്ലെന്നും മൊയ്തീൻ ഫൈസി പറഞ്ഞു. സത്താർ പന്തല്ലൂരിന്റെ പരാമർശത്തിൽ സമസ്തയുടെ ഉന്നത നേതാക്കൾ വേണ്ടത് പോലെ കൈകാര്യം ചെയ്യുമെന്നും മൊയ്തീൻ ഫൈസി വ്യക്തമാക്കി.