കാസർഗോഡ്: ജനങ്ങൾക്ക് വെറുപ്പും വിരോധവുമുണ്ടാക്കുന്ന വാക്കുകൾ ഉപയോഗിക്കാൻ പാടില്ലെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. എസ്കെഎസ്എസ്എഫ് നേതാവ് സത്താർ പന്തലൂരിന്റെ കൈവെട്ട് പ്രസംഗത്തെ തള്ളിയാണ് സമസ്ത പ്രസിഡന്റ് രംഗത്തെത്തിയത്. ആവേശവും വികാരവും തോന്നിയാൽ എന്തും വിളിച്ചുപറയരുതെന്ന് അദ്ദേഹം പറഞ്ഞു. പ്രസംഗത്തിൽ വാക്കുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും പൈവളികെയിൽ ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
സൗഹാർദം വളർത്താനുള്ള പ്രവർത്തനങ്ങളാണ് നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ ഓർമിപ്പിച്ചു. സത്താർ പന്തല്ലൂരിന്റെ കൈവെട്ട് പ്രസംഗം വിവാദമായ പശ്ചാത്തലത്തിലായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങളുടെ ഓർമപ്പെടുത്തൽ.
സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്തിയാൽ കൈവെട്ടാൻ ആളുണ്ടാകുമെന്നായിരുന്നു സത്താറിന്റെ വിവാദ പരാമർശം. ഈ പരാമർശം ചർച്ചയായതിന് പിന്നാലെ സത്താറിനെതിരെ ഐപിസി 153 പ്രകാരം പൊലീസ് കേസെടുത്തിരുന്നു. അഷ്റഫ് കളത്തിങ്കലിന്റെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തിരുന്നത്.