തിരുവനന്തപുരം: കോൺഗ്രസിന്റെ സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയുടെ സമാപന പരിപാടിയിൽ ദേശീയഗാനം തെറ്റിച്ചു പാടിയ പാലോട് രവിയെ തടഞ്ഞ് ടി സിദ്ധിഖ്. പാടല്ലേ, സിഡി ഇടാം എന്നായിരുന്നു സിദ്ധിഖ് പറഞ്ഞത്. തിരുവനന്തപുരത്ത് വൈകിട്ട് അഞ്ചുമണിക്ക് നടന്ന സമാപന പൊതുസമ്മേളനത്തിലായിരുന്നു സംഭവം.
ഇന്ന് വൈകുന്നേരം 4.30ന് സ്റ്റാച്യൂ ജംഗ്ഷനിൽ നിന്ന് ഘോഷയാത്രയായാണ് സമാപനവേദിയിലേയ്ക്ക് കെപിസിസി അധ്യക്ഷൻ കെ സുധാകരനും, പ്രതിപക്ഷ നേതാവ് വി ഡി സതീശനും എത്തിയത്. കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്താണ് സമാപന സമ്മേളനം നടന്നത്. പൊതുസമ്മേളനം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി ഉദ്ഘാടനം ചെയ്തു. എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റും സമ്മേളനത്തിൽ പങ്കെടുത്തു.
ഫെബ്രുവരി ഒമ്പതിന് കാസർകോട്ട് നിന്നാരംഭിച്ച യാത്രയുടെ സ്വീകരണ പരിപാടികൾ തിങ്കളാഴ്ച തിരുവനന്തപുരം നെടുമങ്ങാട് മണ്ഡലത്തിൽ അവസാനിച്ചിരുന്നു. ഇന്നലെ ജനകീയ ചർച്ചാ സദസ്സും നടന്നിരുന്നു. പ്രക്ഷോഭ ജാഥ ഇവിടെ അവസാനിക്കുന്നില്ലെന്നും ജനകീയ പ്രതിരോധത്തിന്റെ തുടക്കമാണെന്നും കെ സുധാകരൻ പറഞ്ഞിരുന്നു.