തിരുവനന്തപുരം: പത്താം ക്ലാസ് കുട്ടികള്‍ക്ക് എഴുത്തും വായനയും അറിയില്ലെന്ന വിവാദപരാമര്‍ശത്തില്‍ വിശദീകരണവുമായി മന്ത്രി സജി ചെറിയാന്‍. പാസായ ചില കുട്ടികള്‍ക്ക് എഴുത്തുവായനയും അറിയില്ലെന്നാണ് പറഞ്ഞത്. ഒരു കുട്ടിയുടെ അപേക്ഷയിലെ അക്ഷരതെറ്റ് കണ്ടപ്പോള്‍ തോന്നിയ പ്രയാസത്തിലാണ് പ്രസംഗത്തില്‍ അങ്ങനെ പറഞ്ഞത്. പരാമര്‍ശം ഇങ്ങനെ പര്‍വതീകരിക്കേണ്ടതില്ലെന്നും ജനാധിപത്യരാജ്യമല്ലേ, ചര്‍ച്ച നടക്കട്ടെയെന്നും സജി ചെറിയാന്‍ നിയമസഭയില്‍ പറഞ്ഞു.
തന്റെ പ്രസംഗത്തിന്റെ മുഴുവന്‍ ഭാഗവും കേള്‍ക്കണം. പത്താം ക്ലാസ് ചില കുട്ടികള്‍ക്ക് എഴുത്തും വായനയും അറിയില്ലെന്നാണ് പറഞ്ഞത്. അതിലൊരൂ ഒരു കുട്ടി തന്റെ വീട്ടില്‍ വന്ന് ഒരു അപേക്ഷ നല്‍കി. അത് വായിച്ചപ്പോള്‍ അതില്‍ അക്ഷരതെറ്റ് വ്യാപകമായിരുന്നു.
ഇത് എന്താ ഇങ്ങനെ എന്ന് ചോദിക്കുകയും ചെയ്തു. പ്രയാസം തോന്നിയതുകൊണ്ട് പ്രസംഗത്തില്‍ പലകാര്യങ്ങളും പറയുന്ന കൂട്ടത്തില്‍ എഴുത്തുവായനയും അറിയാത്ത ചില കുട്ടികള്‍ ഉണ്ട് എന്നപരാമര്‍ശമാണ് നടത്തിയത്. അത് മൊത്തത്തില്‍ കേരളത്തിലങ്ങ് പ്രശ്‌നമാക്കേണ്ടതില്ല. ഓള്‍ പാസ് യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും കാലത്തുകൊടുത്തിട്ടുണ്ട്. അതിനെ ഇങ്ങനെ പര്‍വതീകരിക്കേണ്ട കാര്യമില്ല. താന്‍ ഒരു കാര്യം പറഞ്ഞു. ജനാധിപത്യ രാജ്യമല്ലേ?. ചര്‍ച്ച നടക്കട്ടെയെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.