തിരുവനന്തപുരം: ജയിൽ വാസം രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമെന്ന് മന്ത്രി സജി ചെറിയാൻ. രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു സജി ചെറിയാൻ. ജയിലിൽ പോകാൻ താത്പര്യപ്പെടുന്നവരാണ് എപ്പോഴും പൊതു പ്രവർത്തനത്തിൽ മുന്നോട്ട് വരുന്നത്. നിയമ വിരുദ്ധമായി ഒരു കാര്യവും സർക്കാർ ചെയ്യില്ല. അക്രമത്തിന് നേതൃത്വം നല്‍കിയതിനാണ് അറസ്റ്റ് ചെയ്തതെന്നും സജി ചെറിയാൻ വ്യക്തമാക്കി. അക്രമം നടത്താൻ മുൻകയ്യെടുത്ത ആരാണ് ജയിലിൽ പോകാത്തതെന്നും സജി ചെറിയാൻ ചോദിച്ചു.
രാഹുൽ മാങ്കൂട്ടത്തിൻ്റെ അറസ്റ്റിൽ മാധ്യമങ്ങൾക്കെതിരെ സജി ചെറിയാന് വിമര്‍ശനം ഉന്നയിച്ചു. ‘മാധ്യമങ്ങൾ ചില ആളുകൾക്ക് പ്രത്യേക പ്രാധാന്യം കൊടുക്കുന്നു. മാധ്യമങ്ങൾ പുതിയ കുറെ നേതാക്കളെ സൃഷ്ടിക്കുന്നു. ഇന്ന് ഈ മന്ത്രി സഭയിൽ ആരാണ് ജയിലിൽ പോകാത്തത്. ഞാൻ അടക്കം ജയിലിൽ പോയിട്ടുണ്ട്. അന്ന് ഒരു മാധ്യമങ്ങളും സഹായത്തിനു ഉണ്ടായിട്ടില്ല. മാധ്യമങ്ങളുടെ സഹായം അന്നുണ്ടായിരുന്നെങ്കിൽ ഞാനിന്ന് ലോകപ്രശസ്തനായേനെ’യെന്നും സജി ചെറിയാൻ. രാഹുൽ മാങ്കൂട്ടത്തിൽ വിളഞ്ഞ് പഴുക്കട്ടെയെന്നും മന്ത്രി സജി ചെറിയാൻ പരിഹസിച്ചു.