ചെന്നൈ: നടി സായി പല്ലവിക്കെതിരെ സൈബർ ആക്രമണം. ഇന്ത്യൻ സൈന്യത്തെ അവഹേളിച്ചെന്നാണ് ആക്ഷേപം. 2022ലെ അഭിമുഖം കുത്തിപ്പൊക്കിയാണ് സൈബർ ആക്രമണം. പാകിസ്ഥാനിലുള്ളവർ ഇന്ത്യൻ സൈനികരെ തീവ്രവാദികളായി കണ്ടേക്കാം എന്ന പരാമർശത്തിലാണ് പ്രതിഷേധം ശക്തമാവുന്നത്. നക്സല്‍ പ്രസ്ഥാനത്തെ കുറിച്ചുള്ള പ്രതികരണത്തിന്റെ ഒരു ഭാഗം മാത്രം പ്രചരിപ്പിച്ചാണ് സൈബർ ആക്രമണം.

2022 ല്‍ പുറത്തിറങ്ങിയ വിരാടപർവ്വം എന്ന സിനിമയുമായി ബന്ധപ്പെട്ട് ആ സമയം നല്‍കിയ അഭിമുഖത്തില്‍ സായ് പല്ലവി ഇന്ത്യൻ സൈന്യത്തെക്കുറിച്ച് നടത്തിയ പരാമർശമാണ് മറ്റൊരു സൈനിക ചിത്രത്തിന്റെ റിലീസ് സമയത്ത് സൈബർ ആക്രമണത്തില്‍ കലാശിച്ചിരിക്കുന്നത്. ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെ ജനങ്ങളെ ഭീകരരായാണ് കാണുന്നതെന്നും പാക് ജനത തിരിച്ചും അങ്ങനെയാണ് കാണുന്നതെന്നുമായിരുന്നു അഭിമുഖത്തില്‍ സായ് പല്ലവി പറഞ്ഞിരുന്നത്.


