Kerala
ബാലചന്ദ്രൻ ചുളളിക്കാടിന്റെ വിമർശനത്തിൽ പ്രതികരിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി
തിരുവനന്തപുരം: സാഹിത്യോത്സവത്തില്‍ സംസാരിക്കാന്‍ ക്ഷണിച്ച് തുച്ഛമായ പ്രതിഫലം നൽകി അവഗണിച്ചുവെന്ന ബാലചന്ദ്രൻ ചുളളിക്കാടിന്റെ വിമർശനത്തിൽ പ്രതികരിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. താൻ ചുളളിക്കാടിനെ ഫോണിൽ വിളിച്ചിരുന്നു. സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സാമ്പത്തിക, സാമൂഹിക പരിഗണന ലഭിക്കുന്നില്ല എന്നു പറഞ്ഞു. പൈസയുടെ വിഷയമല്ല അദ്ദേഹം ഉന്നയിച്ചത്. ഓഫീസിനു പറ്റിയ പിഴവാണത്. അദ്ദേഹം പറഞ്ഞതിൽ കാര്യമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അദ്ദേഹം ഉന്നയിച്ച കാര്യം അത് ഉൾക്കൊള്ളുന്നു. ഒരു ഉത്സവങ്ങൾക്കും സാമ്പത്തിക പരിമിതിയില്ല. ആവശ്യമുള്ള പണം സർക്കാർ നൽകുന്നുണ്ട്. എല്ലാ സാംസ്കാരിക സ്ഥാപനങ്ങളും വരുമാനം കണ്ടെത്തേണ്ടതുണ്ടെന്നും സജി ചെറിയാൻ പറഞ്ഞു. ചുളളിക്കാടിന്റെ വിമർശനത്തിന് പിന്നാലെ സംഭവം ദുഃഖകരമായിരുന്നുവെന്നും മാന്യമായ പ്രതിഫലം നല്‍കുമെന്നും സാഹിത്യ അക്കാദമി അധ്യക്ഷൻ സച്ചിദാനന്ദൻ അറിയിച്ചിരുന്നു.