മകര സംക്രമ നാളിൽ ശബരിമലയിൽ അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങൾ വഹിച്ചുള്ള ഘോഷയാത്ര തുടരുന്നു. ഇന്നലെ അയിരൂർ പുതിയകാവ് ക്ഷേത്രത്തിലാണ് ഘോഷയാത്ര ഒന്നാം ദിനം സമാപിച്ചത്. ഇന്ന് പുലർച്ചെ രണ്ടരയോടെ പുതിയ കാവ് ക്ഷേത്രത്തിൽ നിന്നും ഘോഷയാത്ര പുറപ്പെട്ടു. ഇന്ന് രാത്രി 9 മണിയോടെ ഘോഷയാത്ര ളാഹ ഫോറസ്റ്റ് ഗസ്റ്റ് ഹൗസിൽ എത്തും. ഇന്ന് ളാഹയിലാണ് വിശ്രമം.
നാളെ രാജാമ്പാറ, പ്ലാപ്പള്ളി, നാറാണംതോട്, നിലയ്ക്കൽ, അട്ടത്തോട് , വലിയാനവട്ടം, ചെറിയാനവട്ടം, നീലിമല, അപ്പാച്ചിമേട്, ശബരി പീഠം, ശരംകുത്തി വഴി 6 മണിയോടെ സന്നിധാനത്ത് തിരുവാഭരണ ഘോഷയാത്ര എത്തിച്ചേരും. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചുള്ള ശബരിമലയിലെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ്റെ നേതൃത്വത്തിൽ ഇന്ന് ഒരുക്കങ്ങൾ വിലയിരുത്താൻ പ്രത്യേക യോഗം ചേരും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രതിനിധികൾ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.