ശബരിമല: അയ്യപ്പദർശനത്തിനെത്തുന്ന തീർഥാടകർക്ക് പുതുവത്സര സമ്മാനമായി സൗജന്യ വൈ-ഫൈ സംവിധാനമൊരുക്കി ദേവസ്വം ബോർഡ്. മരക്കൂട്ടം മുതൽ സന്നിധാനം വരെയുള്ള 27 കേന്ദ്രങ്ങളിൽ പുതുവത്സര ദിനമായ തിങ്കളാഴ്ച മുതൽ ഭക്തർക്ക് സൗജന്യ വൈ-ഫൈ സംവിധാനം ലഭ്യമാകും. തിരുവിതാംകൂർ ദേവസ്വം ബോർഡും ബി.എസ്.എൻ.എല്ലും ചേർന്നാണ് പദ്ധതി നടപ്പാക്കിയത്.
വലിയ നടപ്പന്തൽ, അക്കോമഡേഷൻ ഓഫിസ് പരിസര, അപ്പം-അരവണ കൗണ്ടർ, നെയ്യഭിഷേക കൗണ്ടർ, അന്നദാന മണ്ഡപം, മാളികപ്പുറത്തെ രണ്ട് നടപ്പന്തലുകൾ, പാണ്ടിത്താവളത്തെ ബി.എസ്.എൻ.എൽ എക്സ്ചേഞ്ച്, ജ്യോതിനഗറിലെ ബി.എസ്.എൻ.എൽ സെന്റർ, മരക്കൂട്ടം, മരക്കൂട്ടം മുതൽ ശരംകുത്തി വരെയുള്ള ആറ് ക്യൂ കോംപ്ലക്സുകൾ തുടങ്ങിയ ഭാഗങ്ങളിലാണ് 100 എം.ബി.പി.എസ് വേഗത്തിലുള്ള സൗജന്യ വൈ-ഫൈ ലഭ്യമാവുക.
ഒരു മൊബൈൽ നമ്പറിൽനിന്ന് ആദ്യ അരമണിക്കൂർ വൈ-ഫൈ സൗജന്യമായിരിക്കും. തുടർന്ന് ഒരു ജി.ബിക്ക് ഒമ്പതുരൂപ നൽകണം. ബി.എസ്.എൻ.എൽ വൈ-ഫൈ അല്ലെങ്കിൽ ബി.എസ്.എൻ.എൽ പി.എം വാണി എന്ന വൈ-ഫൈ യൂസർ ഐഡിയിൽ കയറി കണക്ട് എന്ന് ക്ലിക്ക് ചെയ്യുമ്പോൾ വെബ്പേജ് തുറന്നുവരും. അതിൽ 10 അക്ക മൊബൈൽ നമ്പർ നൽകുമ്പോൾ ആറക്ക പിൻ എസ്.എം.എസായി ലഭിക്കും.
അതുപയോഗിച്ച് വൈ-ഫൈ കണക്ട് ആക്കാം. ഈ സീസണിൽതന്നെ പമ്പയിലും നിലക്കലുംകൂടി വൈ-ഫൈ സൗകര്യമൊരുക്കുമെന്നും അടുത്ത സീസണിൽ ഇടത്താവളങ്ങളിലും വൈ-ഫൈ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.