ശബരിമല മകരവിളക്ക് പൂജകള്‍ക്ക് തുടക്കമായി. തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമത്തോടെയാണ് ആരംഭിച്ചത്. മകരവിളക്ക് ജനുവരി 14നാണ്. ജനുവരി 20ന് രാവിലെ 6.30ന് നട അടയ്ക്കും.
മകരവിളക്ക് തീർഥാടനത്തിനായി ഇന്നലെ വൈകിട്ട് നട തുറന്നു. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എസ്.അരുൺ കുമാർ നമ്പൂതിരി നടതുറന്നു. കന്നിമൂല ഗണപതി, നാഗരാജാവ് എന്നീ നട തുറന്ന ശേഷം പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ചു. മേൽശാന്തിയും സംഘവും തിരിച്ചു കയറിയ ശേഷം ഭക്തര്‍ പതിനെട്ടാം പടി കയറി.
മകരവിളക്ക് തീർഥാടനകാലത്തെ വെർച്വൽ ക്യു ബുക്കിങ് 15 വരെ പൂർത്തിയായി. ഇന്നു മുതൽ ജനുവരി 11 വരെ പ്രതിദിനം 70,000 പേർക്കാണ് വെർച്വൽ ക്യു വഴി പ്രവേശനം. തിരക്കുനിയന്ത്രണത്തിന്റെ ഭാഗമായി മകരവിളക്കിന്റെ പ്രധാന ദിവസങ്ങളായ 12 മുതൽ 14 വരെ സ്പോട് ബുക്കിങ് ഇല്ല. ഈ ദിവസങ്ങളിൽ വെർച്വൽ ക്യു എണ്ണവും കുറച്ചിട്ടുണ്ട്.