ശബരിമല തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർധന. മണ്ഡല പൂജയും തിരക്കും കണക്കിലെടുത്ത് 25, 26 തിയതികളിൽ വെർച്വൽ ക്യൂവിന്റെ എണ്ണം കുറച്ചു.
സ്‌പോട് ബുക്കിങ്ങും ഒഴിവാക്കിയിട്ടുണ്ട്. മണ്ഡലപൂജയുടെ പ്രധാന ദിവസങ്ങളാണ് 25ഉം 26ഉം. തങ്ക അങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തി പ്രത്യേക ദീപാരാധന നടക്കുന്നത് 25നാണ്. അന്നേ ദിവസം വെർച്വൽ ക്യൂ 54,444 പേർക്ക് മാത്രമായി ചുരുക്കിയിരിക്കുകയാണ്.
മണ്ഡലപൂജ നടക്കുന്ന 26ാം തിയതി 60,000 പേർക്ക് മാത്രമായിരിക്കും ദർശനത്തിന് സൗകര്യം നൽകുന്നത്. സാധാരണ ദിവസങ്ങളിൽ 70,000 പേർക്ക് വരെ വെർച്വൽ ക്യൂ വഴി ദർശനം ഉറപ്പാക്കാറുണ്ട്. മാത്രമല്ല ദർശനത്തിന് എത്തുന്ന എല്ലാവർക്കും സ്‌പോട് ബുക്കിങ് അനുവദിക്കാറുമുണ്ട്.
എന്നാൽ 25, 26 തിയതികളിൽ സ്‌പോട് ബുക്കിങ് സൗകര്യം ലഭ്യമായിരിക്കില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 20,000ത്തിന് മുകളിൽ ആളുകൾ സ്‌പോട് ബുക്കിങ് വഴി ദർശനത്തിന് എത്തുന്നുണ്ട്. 26ാം തിയതി ഉച്ചയ്‌ക്ക് 12നും 12.30നും ഇടയിലാണ് മണ്ഡലപൂജ നടക്കുന്നത്.