പത്തനംതിട്ട: ചിങ്ങമാസ പൂജകൾക്കായി ശബരിമല ക്ഷേത്ര നട രാവിലെ തുറന്നു. പുലർച്ചെ അഞ്ച് മണിയോടെ അഷ്ടദ്രവ്യ മഹാഗണപതിഹോമത്തോടെയാണ് പൂജകൾ തുടങ്ങി. 21 വരെ പൂജകൾ ഉണ്ടാകും. ദിവസവും ഉദയാസ്തമയ പൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവയുണ്ട്. വൻ ഭക്തജന തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്.
ഗുരുവായൂരിലും ചിങ്ങപ്പുലരിൽ ഗുരുവായൂരപ്പനെ ദർശിക്കാൻ നിരവധി ഭക്തജനങ്ങളാണ് എത്തിയത്. വയനാട്ടിലെ ഉരുൾപ്പൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ തലത്തിലുള്ള ഓണം വാരാഘോഷം ഇത്തവണയുണ്ടായിരിക്കില്ല.
പുതുവര്‍ഷപ്പിറവി ആയതിനാല്‍ ചിങ്ങം ഒന്നിന് ഏറെ പ്രത്യേകതകളുമുണ്ട്. ഐശ്വര്യത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും മാസമെന്നാണ് ചിങ്ങ മാസത്തെ കണക്കാക്കുന്നത്. ചിങ്ങ മാസത്തിലെ തിരുവോണ നാളിലാണ് മലയാളികള്‍ ഓണം ആഘോഷിക്കുന്നത്. സെപ്റ്റംബര്‍ ആറിനാണ് ഇത്തവണ ചിങ്ങ മാസത്തിലെ അത്തം നാള്‍. സെപ്റ്റംബര്‍ 15 ഞായറാഴ്ചയാണ് തിരുവോണം.