തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിനായി 1.88 കോടി രൂപ സംസ്ഥാന ബജറ്റിൽ വകയിരുത്തി. ശബരിമല മാസ്റ്റർ പ്ലാനിനായി 27.6 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷവും സംസ്ഥാന ബജറ്റിൽ ശബരിമലയ്ക്ക് പ്രത്യേക പരിഗണന നൽകിയിരുന്നു.
കഴിഞ്ഞ വർഷം ശബരിമല മാസ്റ്റർ പ്ലാനിനായി 30 കോടി രൂപയാണ് വർധിപ്പിച്ചത്. എരുമേലി മാസ്റ്റർ പ്ലാന് അധികമായി 10 കോടിയും കുടിവെള്ള വിതരണത്തിന് 10 കോടിയും നിലക്കൽ വികസനത്തിന് 2.5 കോടിയും വകയിരുത്തിയിരുന്നു. ശബരിമല വിമാനത്താവള പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് 2 കോടി രൂപയും അന്ന് അനുവദിച്ചിരുന്നു.
അതേസമയം, സംസ്ഥാന ബജറ്റിൽ ഗതാഗതമേഖലയ്ക്ക് 1976 കോടി രൂപ അനുവദിച്ചു. ഗ്രാമീണ റോഡുകൾ ഉൾപ്പെടെ നിർമ്മിക്കാനായി 1000 കോടിരൂപയുടെ പ്രത്യേക പദ്ധതി നടപ്പാക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. കെഎസ്ആർടിസിക്ക് 128 കോടി അനുവദിച്ചു. ഇതിൽ 92 കോടി രൂപയും പുതിയ ബസുകൾ വാങ്ങാനാണ് അനുവദിച്ചിരിക്കുന്നത്. ഊർജ മേഖലയ്ക്ക് 1150 കോടി രൂപയും. ആലപ്പുഴയിലെ വെള്ളപ്പൊക്ക നിവാരണത്തിന് 57 കോടി രൂപയും കുട്ടനാട്ടിലെ വെള്ളപ്പൊക്ക നിയന്ത്രണത്തിന് 5 കോടി രൂപയും ഡാം പുനരുദ്ധാരണ പദ്ധതിക്ക് 20 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
സംസ്ഥാനത്തിന്റെ അഭിമാന പാർപ്പിട പദ്ധതിയായ ലൈഫ് പദ്ധതിക്ക് 1136 കോടി രൂപ ബജറ്റിൽ വകയിരുത്തി. 2025 മാർച്ച് ആകുമ്പോൾ ലൈഫ് പദ്ധതിയിൽ അഞ്ചു ലക്ഷം വീടുകൾ പൂർത്തിയാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഇതുവരെ 17,000 കോടി രൂപ നൽകി. ലൈഫ് പദ്ധതിക്കായി ഇനി 10,000 കോടി രൂപയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ലൈഫ് ഭവന പദ്ധതിയിൽ കേന്ദ്ര ബ്രാൻഡിങ് പറ്റില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. ലൈഫ് പദ്ധതിയിലൂടെ വീടു വയ്ക്കുന്നവരുടെ വ്യക്തിത്വം തകർക്കുന്ന രീതിയിൽ ബ്രാൻഡിങ്ങിലേക്കു പോകാൻ സർക്കാർ തയാറല്ല. കേന്ദ്രത്തിന്റെ ലോഗോ വീടുകളിൽ വച്ചില്ലെങ്കിൽ ധനസഹായം നൽകില്ലെന്നാണ് കേന്ദ്രം പറയുന്നത്. ഈ പണം സംസ്ഥാനം ചെലവാക്കുമെന്നും അദ്ദേഹം പറഞ്ഞു.