ശബരിമല അയ്യപ്പന് ചാർത്താനുള്ള തങ്ക അങ്കി വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ടു. 25-ാം തിയതിയോടെ ഘോഷയാത്ര ശബരിമല സന്നിധിയിൽ എത്തിച്ചേരും.
26-ന് ഉച്ചയ്‌ക്കാണ് തങ്ക അങ്കി ചാർത്തി മണ്ഡലപൂജ നടക്കുന്നത്. രാവിലെ ഏഴ് വരെ ക്ഷേത്രത്തിലെ ആനക്കൊട്ടിലിൽ തങ്കയങ്കി ദർശനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. വിവിധ ക്ഷേത്രങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി രാത്രി ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിൽ വിശ്രമിക്കും.
ശബരിമല ക്ഷേത്രത്തിലെ വിഗ്രഹത്തിൽ അണിയിക്കുന്ന ഒരു അലങ്കാരമാണ് തങ്ക അങ്കി. തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ 1973-ൽ നൽകിയ 420 പവൻ തൂക്കമുള്ള തങ്ക അങ്കി മണ്ഡലപൂജക്കാണ് ശബരിമല അയ്യപ്പവിഗ്രഹത്തിൽ ചാർത്തുന്നത്. മണ്ഡലപൂജയ്‌ക്ക് രണ്ടുനാൾ മുമ്പാണ് അനുഷ്‌ഠാനത്തിന്റെ പുണ്യവുമായി തങ്ക അങ്കി രഥയാത്ര ആറന്മുളയിൽ നിന്നു പുറപ്പെടുന്നത്. പതിനെട്ടാം പടിയും കൊടിമരവും ശ്രീകോവിലും ഉൾപ്പെട്ട ശബരിമല ക്ഷേത്രത്തിന്റെ ആകൃതിയിൽ ഒരുക്കിയ രഥത്തിലാണ് തങ്ക അങ്കി കൊണ്ടുപോകുന്നത്.