Politics

തന്നെ ടാര്‍ജറ്റ് ചെയ്യാന്‍ ദിവ്യയുടെ പേര് വലിച്ചിഴയ്ക്കുന്നു എന്ന് ശബരിനാഥന്‍; ‘തിരുവനന്തപുരത്തെ കോണ്‍ഗ്രസുകാര്‍ കൊതിയും നുണയും പറയുന്നവര്‍’

Posted on

കേരളത്തില്‍ ഏറ്റവും മോശം കോണ്‍ഗ്രസ് പ്രവര്‍ത്തനം നടക്കുന്ന ജില്ല തിരുവനന്തപുരമാണെന്ന് അരുവിക്കര മുന്‍ എംഎല്‍എ ശബരീനാഥന്‍. കെപിസിസിയിലും ഡിസിസിയിലും കുത്തിയിരുന്ന് കൊതിയും നുണയും പറയുകയും മാധ്യമ പ്രവര്‍ത്തകര്‍ക്ക് തെറ്റായ വിവരങ്ങള്‍ നല്‍കുകയുമാണ്‌ ജില്ലയിലുള്ളവര്‍ ചെയ്യുന്നത്. പ്രസ്റ്റീജ് പരിപാടികള്‍ക്കുപോലും നൂറാളുകളെ സംഘടിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ് തിരുവനന്തപുരത്ത് ഉള്ളതെന്നും ശബരീനാഥന്‍ തുറന്നടിച്ചു.

നാടകട്രൂപ്പ് സെറ്റ് ഇടുന്നതുപോലെ ഏത് പരിപാടിക്കും ഒരേ ആളുകളെ കൊണ്ടിരുത്തി പടം എടുപ്പിച്ച് വാര്‍ത്ത കൊടുക്കുന്നതാണ് തിരുവനന്തപുരത്തെ സംഘടനാ പ്രവര്‍ത്തനം. തിരുവനന്തപുരത്ത് പ്രവര്‍ത്തന ശൈലിയില്‍ സമൂലമാറ്റം കൊണ്ടുവരണമെന്നും ശബരിനാഥന്‍ പറഞ്ഞു. കേരളശബ്ദത്തിന് നല്‍കിയ അഭിമുഖത്തിലാണ് രൂക്ഷ പരാമർശങ്ങൾ. അരുവിക്കര നിയോജക മണ്ഡലത്തിലെ കാര്യങ്ങളില്‍ മാത്രം ശ്രദ്ധ കൊടുത്തുകൊണ്ടുള്ള പൊതുപ്രവര്‍ത്തനം മാത്രമാണ് താൻ നടത്തുന്നത്. താഴെത്തട്ടില്‍ സംഘടനയെ പുനരുജ്ജീവിപ്പിക്കാന്‍ വൈകിയാല്‍ അപകടമാണെന്ന് കെപിസിസി നേതൃത്വം തിരിച്ചറിയണമെന്ന് ശബരി പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തിൻ്റെ എംഡിയായ ഭാര്യ ദിവ്യ എസ്.അയ്യർ ഉദ്ഘാടന ചടങ്ങിൽ ഉമ്മൻ ചാണ്ടിയെ പരാമർശിക്കാതെ പിണറായി വിജയനെ പുകഴ്ത്തിയെന്ന് വിവാദം ഉണ്ടായിരുന്നു. അതിനെക്കുറിച്ചുള്ള ചോദ്യത്തിന് ശബരീനാഥ് ഇങ്ങനെ പ്രതികരിച്ചു. “കുറച്ച് ആളുകള്‍ എന്നെ ടാര്‍ജറ്റ് ചെയ്യാന്‍ ഭാര്യയുടെ പേരു വലിച്ചിഴയ്ക്കുകയാണ്. അവര്‍ സർക്കാർ ഉദ്യോഗസ്ഥയാണ്. ഞങ്ങള്‍ വ്യത്യസ്ത മേഖലകളില്‍ ഉള്ളവരും വ്യത്യസ്ത കാഴ്ചപ്പാട് ഉള്ളവരുമാണ്. വിഴിഞ്ഞം ഉദ്ഘാടന വേദിയില്‍ പ്രസംഗിക്കുന്നവരെ ക്ഷണിക്കുക എന്നത് മാത്രമാണ് ദിവ്യ ചെയ്തത്. വേദിയില്‍ സംസാരിക്കുന്നവരെ ക്ഷണിക്കുമ്പോള്‍ ഒന്നോ രണ്ടോ വാക്ക് പറയുക ഔചിത്യം മാത്രമാണ്. അത് മാത്രമാണ് മുഖ്യമന്ത്രിയുടെ കാര്യത്തിൽ അവർ ചെയ്തത്”- ശബരി വിശദീകരിച്ചു.

“കെ.രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോള്‍ ദിവ്യ അദ്ദേഹത്തെ ആലിംഗനം ചെയ്യുന്ന ഫോട്ടോ വൈറലായി. സാംസ്കാരിക കേരളം അതിനെ പോസിറ്റീവ് ആയി കണ്ടപ്പോള്‍ തിരുവനന്തപുരത്തുകാര്‍ നെഗറ്റീവ് ആയി കണ്ടാല്‍ അവരോട് സഹതപിക്കാനല്ലേ കഴിയൂ. രാഷ്ട്രീയമായി വിയോജിപ്പുള്ളവരോട് മിണ്ടിക്കൂടാ, പരുഷമായി പെരുമാറണം എന്നു പറയുന്നതിനോട് യോജിക്കാന്‍ കഴിയില്ല. അരാജകത്വഭരണമാണ് പിണറായി വിജയന്‍റെ നേതൃത്വത്തില്‍ നടക്കുന്നത്. കിട്ടുന്ന എല്ലാ വേദികളും നിശിതവിമര്‍ശനം സര്‍ക്കാരിനെതിരെ നടത്തും.” ശബരിനാഥന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version