മോസ്കോ: റഷ്യയിലെ കാംചത്ക മേഖലയിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതിനെ തുടർന്ന് ഷിവേലുച്ച് അഗ്നിപർവ്വതം പൊട്ടിത്തെറിച്ചതായി റിപ്പോർട്ട്.
സർക്കാർ മാധ്യമമായ ടാസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ആർക്കും പരിക്കുകളില്ല എന്നാണ് വിവരം. റഷ്യയുടെ കിഴക്കൻ പ്രദേശമായ കംചത്കയിലാണ് അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്. ഏകദേശം 181,000 ജനസംഖ്യയുള്ള തീരദേശ നഗരമായ പെട്രോപാവ്ലോവ്സ്ക്-കംചത്സ്കിയിൽ നിന്ന് 280 മൈൽ അകലെയുമാണിത്.
കംചത്ക മേഖലയുടെ കിഴക്കൻ തീരത്ത് സമുദ്രനിരപ്പിൽ നിന്ന് 51 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു. ഭൂകമ്പത്തിന് പിന്നാലെ യുഎസ് ദേശീയ സുനാമി മുന്നറിയിപ്പ് കേന്ദ്രം സുനാമി മുന്നറിയിപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ റഷ്യൻ എമർജൻസി മന്ത്രാലയം സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് ടാസ് റിപ്പോർട്ട് ചെയ്യുന്നു.