സിറിയയിലെ ഏറ്റവും വലിയ നഗരമായ അലെപ്പോ പിടിച്ചെടുത്ത വിമത ഭീകരരെ നേരിടാൻ മേഖലയിൽ വ്യോമാക്രമണം നടത്തി റഷ്യ. അലെപ്പൊയുടെ പടിഞ്ഞാറൻ പ്രദേശത്ത് ബുധനാഴ്ച കടന്നുകയറിയ വിമതർ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതോടെയാണ് സിറിയൻ സൈന്യത്തെ സഹായിക്കാൻ റഷ്യൻ നീക്കമുണ്ടായത്.
നാല് ദിവസത്തിനിടെ മേഖലയിൽ ഏറ്റുമുട്ടലിൽ 20 സാധാരണക്കാർ ഉൾപ്പെടെ മുന്നൂറോളം പേർ കൊല്ലപ്പെട്ടെന്ന് ബ്രിട്ടൻ ആസ്ഥാനമായ മനുഷ്യാവകാശ സംഘടനയായ സിറിയൻ ഒബ്സർവേറ്ററി അറിയിച്ചു. വ്യോമാക്രമണത്തിൽ 200 ഭീകരരെ വധിച്ചതായി റഷ്യ പ്രതികരിച്ചു.
വിമതരും സിറിയൻ സൈന്യവും ഏറ്റുമുട്ടുന്ന ദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ട്.