കണ്ണൂർ: നടുവിലിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച ഗാന്ധി അനുസ്മരണ പരിപാടിയിലേക്ക് ആർഎസ്എസ് അതിക്രമം നടത്തിയ സംഭവത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. ഗാന്ധിയെ കൊന്നത് ആർഎസ്എസ് എന്ന് എഴുതിയ ബാനർ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആർഎസ്എസ് പ്രവർത്തകരുടെ പ്രകോപനം. ബാനർ നീക്കം ചെയ്യാൻ യൂത്ത് കോൺഗ്രസ് തയ്യാറാവാത്തതോടെയാണ് പരിപാടിയിലേക്ക് അതിക്രമിച്ചു കടന്ന് ആർഎസ്എസ് പ്രവർത്തകർ ജയ് ശ്രീറാം വിളിച്ചത്.
സംഭവത്തിൽ ഗാന്ധിയെ കൊന്നത് ആർഎസ്എസ് എന്ന് എഴുതിയ കൂടുതൽ ബാനറുകൾ സ്ഥാപിച്ച് പ്രതിഷേധിക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം. മാപ്പെഴുതി നൽകി സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത സവർക്കറുടെ പാരമ്പര്യമല്ല യൂത്ത് കോൺഗ്രസിനെന്നും ചരിത്ര വിരുദ്ധമായ ആർഎസ്എസ് തിട്ടൂരത്തിന് മുന്നിൽ ശക്തമായ പ്രതിരോധം തീർക്കുമെന്നും യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ചു.