എമ്പുരാന്‍ സിനിമക്കെതിരെ ആർ എസ് എസ്. എമ്പുരാൻ ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ സിനിമയാണെന്ന് ആർ എസ് എസ് മുഖവാരിക ഓർഗനൈസർ പറയുന്നു. ഈ നിലയില്‍ ദേശീയ തലത്തില്‍ സിനിമ തുറന്നുകാട്ടപ്പെടണം എന്നതില്‍ സംശയമില്ലെന്നും ഓർഗനൈസർ ലേഖനത്തിലുണ്ട്. നായകൻ മോഹൻലാലിനും സംവിധായകൻ പൃഥ്വിരാജിനും തിരക്കഥാകൃത്ത് മുരളി ഗോപിക്കുമെതിരെ രൂക്ഷ വിമർശമാണ് ഓർഗനൈസർ അഴിച്ചുവിട്ടത്.

ഹിന്ദുക്കളെ ആക്രമണകാരികളായി ചിത്രീകരിക്കുന്നതും ബി ജെ പി അനുയായികളെ പൈശാചികവത്കരിക്കുന്നതും സെന്‍സിറ്റീവ് ചരിത്ര സംഭവങ്ങളുടെ ചിത്രീകരണത്തിന് ഇന്ത്യന്‍ സിനിമയിൽ അപകടകരമായ മാതൃക സൃഷ്ടിക്കുന്നു. ഇത് വെറും സാങ്കല്‍പ്പിക പുനരാഖ്യാനമല്ല. കലാപരമായ ചെലവ് കണക്കിലെടുക്കാതെ, സ്വന്തം രാഷ്ട്രീയ അജണ്ട മുന്നോട്ട് കൊണ്ടുപോകാന്‍ സ്വന്തം വേദി ഉപയോഗിച്ചതിന് സംവിധായകന്‍ എന്ന നിലയില്‍ പൃഥ്വിരാജ് സുകുമാരനെ വിമര്‍ശിക്കേണ്ടതുണ്ട്.
അത്തരം ഉള്ളടക്കത്തെ വിമര്‍ശനാത്മകമായി പരിശോധിക്കേണ്ടത് നിര്‍ണായകമാണ്. കൂടാതെ വര്‍ഗീയ സംഘര്‍ഷങ്ങളും ഭിന്നതയും വളര്‍ത്താനുള്ള അതിന്റെ സാധ്യത അവഗണിക്കരുത്. ഇതിനകം തന്നെ ധ്രുവീകരിക്കപ്പെട്ട ഒരു അന്തരീക്ഷത്തില്‍, എമ്പുരാന്‍ പോലുള്ള ശക്തമായ രാഷ്ട്രീയ സ്വാധീനമുള്ള സിനിമകള്‍ നിലവിലുള്ള വിള്ളലുകള്‍ വര്‍ധിപ്പിക്കുകയും ഇന്ത്യന്‍ സമൂഹത്തിന്റെ ശിഥിലീകരണത്തിന് കാരണമാവുകയും ചെയ്യുമെന്നും ഓർഗനൈസർ റിപ്പോർട്ടിൽ പറയുന്നു.

