ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പക്കെതിരെ അറസ്റ്റ് വാറൻ്റ്. പ്രോവിഡന്റ് ഫണ്ട് (പിഎഫ്) തട്ടിപ്പ് കേസിലാണ് താരത്തിന് അറസ്റ്റ് വാറന്റ് ലഭിച്ചിരിക്കുന്നത്.
പിഎഫ് റീജിയണൽ കമ്മീഷണർ എസ് ഗോപാൽ റെഡ്ഡിയാണ് വാറൻ്റ് പുറപ്പെടുവിച്ചത്. ജീവനക്കാരുടെ പി എഫ് അക്കൗണ്ടിൽ നിന്നും 23 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് താരത്തിന് എതിരെയുളള ആരോപണം.
റോബിൻ ഉത്തപ്പയുടെ ഉടമസ്ഥതയിലുളള സെഞ്ച്വറീസ് ലൈഫ് സ്റ്റൈൽ ബ്രാൻഡ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പല ജീവനക്കാർക്കും പിഎഫ് പണം നൽകാതെ വഞ്ചിച്ചതായി പരാതിയുണ്ട്.ഡിസംബർ നാലിനാണ് റീജിയണൽ കമ്മീഷണർ റോബിൻ ഉത്തപ്പയ്‌ക്കെതിരെ അറസ്റ്റ് വാറൻ്റ് നടപ്പിലാക്കാൻ പൊലീസിന് നിർദ്ദേശം നൽകിയത്. എന്നാൽ താരം താമസം മാറിയതിനാൽ വാറണ്ട് പിഎഫ് ഓഫീസിലേക്ക് തിരിച്ചയക്കുകയായിരുന്നു.
2022 സെപ്തംബറിൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം കഴിഞ്ഞ ഒരു വർഷമായി താരം കുടുംബത്തോടൊപ്പം ദുബായിലാണ് താമസിക്കുന്നത്.