Kerala

കേന്ദ്ര സർക്കാർ എന്താടാ എന്ന് ചോദിച്ചാൽ പോടാ എന്ന് പറയാൻ ഇടത് പക്ഷത്തിനേ സാധിക്കൂ; മുഹമ്മദ് റിയാസ്

Posted on

കോഴിക്കോട്: കോൺഗ്രസിനെ ബിജെപി ആക്കാനും, ബിജെപിയ്ക്ക് പണപ്പിരിവിനുമാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇ ഡി ഇടതുപക്ഷത്തിന് ഗുണമാണ് ചെയ്യുക. ഇഡിയുടെ വിശ്വാസ്യത കേരളത്തിന് അറിയാം. അതുകൊണ്ട് അന്വേഷണങ്ങൾ അതിൻ്റെ വഴിക്ക് നടക്കട്ടെയെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. കുറ്റം തെളിയിക്കുന്ന കാര്യത്തിൽ ഇ ഡി ലോകത്ത് ഏറ്റവും പുറകിലുള്ള ഏജൻസിയാണെന്നും സംഘപരിവാറിലെ പരിവാർ അംഗത്തെപോലെയാണ് ഇഡി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഐസിസി ജനറല്‍ സെക്രട്ടറിയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെസി വേണുഗോപാൽ ഡൽഹിയിൽ ഇ ഡിക്ക് എതിരെ പറയുകയും ആലപ്പുഴയിൽ ഇഡിക്ക് സിന്ദാബാദ് വിളിക്കുകയും ചെയ്യുന്നുവെന്ന് മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. സിഎഎ വിഷയത്തിൽ കോൺഗ്രസിന് ഓരോ പഞ്ചായത്തിലും ഓരോ നിലപാട് ആണെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി.

ഇപ്പോൾ നൈറ്റ് മാർച്ച് നടത്തുന്നവർ പാർലമെന്റിൽ ഒന്നും മിണ്ടാത്തവരാണെന്നും റിയാസ് പറഞ്ഞു. സിഎ എ നടപ്പാക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രിയും പറഞ്ഞിട്ടുണ്ട്. വിഷയത്തിൽ കേരളത്തിലെ കോൺഗ്രസ് തമിഴ്നാട് കോൺഗ്രസിനൊപ്പം ആണോ എന്നും മുഹമ്മദ് റിയാസ് ചോദിച്ചു. കേന്ദ്ര സർക്കാർ എന്താടാ എന്ന് ചോദിച്ചാൽ പോടാ എന്ന് പറയാൻ ഇടത് പക്ഷത്തിനേ സാധിക്കൂ എന്നും അദ്ദേഹം പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version