Kerala
‘വയനാട് ടൗണ്‍ഷിപ്പില്‍ എല്ലാ സൗകര്യങ്ങളും ഉണ്ടാവും, യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കും’: മന്ത്രി റിയാസ്
തിരുവനന്തപുരം: പ്രധാനമായും ദുരന്തബാധിതരുടെ അഭിപ്രായം സ്വീകരിച്ചുകൊണ്ടാണ് ടൗൺഷിപ്പ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യേണ്ടതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. നാലു ഘട്ടങ്ങളിലായാണ് പുനരധിവാസം തീരുമാനിച്ചിട്ടുള്ളത്.
ബന്ധുവീട്ടിൽ പോവാൻ താൽപ്പര്യമുള്ളവർ, സ്വന്തം നിലയിൽ വാടക വീട്ടിലേക്ക് മാറുന്നവർ, സ്പോൺസർഷിപ്പിന്റെ ഭാഗമായി വാടകവീട്ടിലേക്ക് മാറുന്നവർ, സർക്കാർ സംവിധാനങ്ങളിലെ വാടകവീടുകൾ എന്നിങ്ങനെയാണത്. ഇതിനെക്കുറിച്ച് വ്യക്തമായി അറിയാൻ 18 അംഗ സംഘത്തിന്റെ വിശദമായ സർവ്വേ നടക്കുന്നുണ്ടെന്നും മന്ത്രി റിയാസ് പറഞ്ഞു.
ടൗൺഷിപ്പിന് വേണ്ടിയുള്ള സ്ഥലത്തിനായുള്ള ചർച്ചകൾ നടക്കുന്നുണ്ട്. മറ്റെല്ലാവരും കൂടിയാലോചിച്ച് കൊണ്ടാണ് തീരുമാനമെടുക്കുക. എല്ലാവരുടേയും അഭിപ്രായം കേട്ടുകൊണ്ടായിരിക്കും തീരുമാനമെന്നും മന്ത്രി പറഞ്ഞു. വയനാട് ടൗണ്‍ഷിപ്പില്‍ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.