India

സംസ്ഥാനങ്ങൾക്കുള്ള ധനവി​ഹിതം വെട്ടിക്കുറയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിച്ചെന്ന വെളിപ്പെടുത്തൽ വിവാദമാകുന്നു

ന്യൂഡൽഹി: സംസ്ഥാനങ്ങൾക്കുള്ള ധനവി​ഹിതം വെട്ടിക്കുറയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രമിച്ചെന്ന വെളിപ്പെടുത്തൽ വിവാദമാകുന്നു. 2014-ൽ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെയാണ് മോദി സംസ്ഥാനങ്ങൾക്കുള്ള ധനവി​ഹിതം വൻതോതിൽ വെട്ടിക്കുറയ്ക്കാൻ ശ്രമിച്ചതെന്നാണ് റിപ്പോർട്ട്. നിതി ആയോഗ് സി.ഇ.ഒ.യും പ്രധാനമന്ത്രിയുടെ ഓഫീസിലെ മുൻ ജോയിന്റ് സെക്രട്ടറിയുമായ ബി.വി.ആർ. സുബ്രഹ്മണ്യത്തിന്റെ വെളിപ്പെടുത്തലിന് പിന്നാലെ റിപ്പോർട്ടേഴ്സ് കളക്ടീവ് പുറത്തവിട്ട അന്വേഷണ റിപ്പോർട്ടിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങളുള്ളത്.

സംസ്ഥാനങ്ങൾക്കുള്ള ധനവിഹിതം വെട്ടിക്കുറയ്ക്കാൻ പ്രധാനമന്ത്രി ധനകാര്യകമ്മിഷനുമായി പിൻവാതിൽ ചർച്ചനടത്തിയെന്ന് ബി.വി.ആർ. സുബ്രഹ്മണ്യം വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് റിപ്പോർട്ടേഴ്സ് കളക്ടീവ് കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടത്. പ്രധാനമന്ത്രിയുടെ ആവശ്യത്തോട് നിതി ആയോഗ് വിയോജിച്ചതോടെ മോദിസർക്കാരിന് ആദ്യബജറ്റ് 48 മണിക്കൂറിനകം പുനഃക്രമീകരിക്കേണ്ടി വന്നു. കേന്ദ്രനികുതിവിഹിതങ്ങൾ നിലനിർത്താനായി വിവിധ ക്ഷേമപരിപാടികൾക്കുള്ള ഫണ്ടിങ് കേന്ദ്രത്തിന് വെട്ടിക്കുറയ്ക്കേണ്ടിവന്നു. സംസ്ഥാനങ്ങൾക്കുള്ള നികുതിവിഹിതം സംബന്ധിച്ച നിതി ആയോഗിന്റെ ശുപാർശകളെ സ്വാഗതം ചെയ്യുന്നുവെന്ന പാർലമെന്റിനകത്തെ മോദിയുടെ അവകാശവാദം വ്യാജമായിരുന്നെന്നും റിപ്പോർട്ട് പറയുന്നു.

സെന്റർ ഫോർ സോഷ്യൽ ആൻഡ് ഇക്കണോമിക് പ്രോഗ്രസ് ഇന്ത്യയിലെ സാമ്പത്തിക റിപ്പോർട്ടിങ്ങിനെക്കുറിച്ച് കഴിഞ്ഞവർഷം സംഘടിപ്പിച്ച സെമിനാറിലായിരുന്നു ബി.വി.ആർ. സുബ്രഹ്മണ്യത്തിന്റെ തുറന്നുപറച്ചിൽ. സംസ്ഥാനങ്ങളുടെ വിഭവചൂഷണത്തിന് പ്രധാനമന്ത്രിയടക്കം ശ്രമിച്ചിരുന്നുവെന്ന് ഒരു ഉന്നതോദ്യോഗസ്ഥൻ പരസ്യമായി തുറന്നടിക്കുന്നത് ആദ്യമാണ്.

വിഹിതത്തിന്റെ ശുപാർശകളിൽ മാറ്റങ്ങൾ വരുത്താൻ രഹസ്യമായും അനൗദ്യോഗികമായും ചെയർമാനുമായി സർക്കാർ ചർച്ചകൾ നടത്തിയിരുന്നു. ഈ ചർച്ചകളിൽ ഉൾപ്പെട്ടിരുന്ന മറ്റൊരാൾ താനാണെന്ന് സുബ്രഹ്മണ്യം വെളിപ്പെടുത്തി. ഡോ. റെഡ്ഡിയും താനും പ്രധാനമന്ത്രിയും തമ്മിൽമാത്രമാണ് ത്രികക്ഷിചർച്ച നടന്നത്. രണ്ടുമണിക്കൂറോളം സംഭാഷണം നീങ്ങിയെങ്കിലും റെഡ്ഡി വഴങ്ങിയില്ല. ഒടുവിൽ 42 ശതമാനം എന്ന നിതി ആയോഗ് ശുപാർശ സർക്കാരിന് അംഗീകരിക്കേണ്ടിവന്നു. ഓരോ സംസ്ഥാനത്തെയും സ്ത്രീകൾക്കും കുട്ടികൾക്കുമായി 36,000 കോടി വകയിരുത്തുന്ന സ്ഥാനത്ത് ആ വർഷം വിഹിതം 18,000 കോടിയായി കുറച്ചെന്നും സുബ്രഹ്മണ്യം ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനങ്ങൾക്ക് അർഹതപ്പെട്ട ഫണ്ട് വെട്ടിക്കുറയ്ക്കാൻ കേന്ദ്രസർക്കാർ രഹസ്യനീക്കം നടത്തിയെന്ന്‌ നിതി ആയോഗ് സി.ഇ.ഒ. ബി.വി.ആർ. സുബ്രഹ്മണ്യം വെളിപ്പെടുത്തിയ വാർത്ത ഞെട്ടിപ്പിക്കുന്നതാണെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. സംസ്ഥാനങ്ങളുടെ നികുതിവിഹിതം വെട്ടിക്കുറയ്ക്കാൻ കേന്ദ്ര ധനക്കമ്മിഷനോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടെന്ന് സുബ്രഹ്മണ്യം വെളിപ്പെടുത്തിയതായാണ് വാർത്ത. നികുതിവിഹിതം കുറയ്ക്കണമെന്ന കടുംപിടിത്തം പരാജയപ്പെട്ടപ്പോൾ വിവിധ കേന്ദ്രപദ്ധതികൾക്കുള്ള പദ്ധതിവിഹിതം വെട്ടിക്കുറയ്ക്കാനായി കേന്ദ്രബജറ്റ് പൊളിച്ചെഴുതിയെന്നും റിപ്പോർട്ടുണ്ട്. പിന്നീട് സംസ്ഥാനങ്ങൾക്ക് പങ്കുവെക്കേണ്ടതില്ലാത്ത സെസും സർചാർജും കേന്ദ്രം വലിയതോതിൽ ഉയർത്തി.

കേരളം വർഷങ്ങളായി കേന്ദ്രസർക്കാരിനെതിരേ ഉന്നയിക്കുന്ന ധനകാര്യവിഷയങ്ങൾ ശരിയാണെന്ന് തെളിയിക്കുന്നതാണ് വെളിപ്പെടുത്തലെന്നും മന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top