മോശമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ചലച്ചിത്ര അക്കാദമിയുടെ ചെയര്മാന് സ്ഥാനം രാജിവച്ച രഞ്ജിത്തിന് പകരക്കാരന് ഉടനില്ല. തിരക്കിട്ട് നിയമനത്തിലേക്ക് കടക്കേണ്ടെന്നാണ് നിലവിലെ ധാരണ. അക്കാദമി വൈസ് ചെയര്‍മാനായ പ്രേംകുമാര്‍ താല്‍ക്കാലികമായി ചെയര്മാന് സ്ഥാനം ഏറ്റെടുക്കും.
2022ല്‍ ബീനാ പോള്‍ സ്ഥാനം ഒഴിഞ്ഞപ്പോഴാണ് നടന് പ്രേംകുമാര്‍ വൈസ് ചെയര്‍മാനായത്. സിപിഎം പ്രതിനിധിയായി തന്നെയാണ് പ്രേംകുമാര്‍ അക്കാദമിയില്‍ നിയമിതനായത്. നിലവിലെ ആരോപണത്തില്‍ നിന്നും രഞ്ജിത്ത് പുറത്തുവന്നാല്‍ വീണ്ടും നിയമനം എന്ന സാധ്യത നിലനിര്‍ത്തിയാണ് അക്കാദമിയില്‍ തീരുമാനം ഉണ്ടായിരിക്കുന്നത്.
പാലേരി മാണിക്യം എന്ന സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തിയ ശേഷം രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് ആരോപണം. വളകളില്‍ തൊടുന്ന ഭാവത്തില്‍ കൈയ്യില്‍ സ്പര്‍ശിച്ചതായും മുടിയില്‍ തലോടിയെന്നുമാണ് ശ്രീലേഖ മിത്ര ആരോപിച്ചത്. കഴുത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചതോടെ മുറിയില്‍ നിന്നിറങ്ങി. സിനിമയില്‍ അഭിനയിക്കാതെ പിറ്റേന്നു തന്നെ മടങ്ങിയതായും നടി വ്യക്തമാക്കി. ആരോപണം നിഷേധിക്കുകയാണ് രഞ്ജിത്ത് ചെയ്തത്. സര്‍ക്കാരും ആദ്യം രഞ്ജിത്തിനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകിരിച്ചത്. എന്നാല്‍ ഇടതുമുന്നയില്‍ നിന്നടക്കം വലിയ വിമര്‍ശനം വന്നതോടെയാണ് രാജിവയ്ക്കാന്‍ നിര്‍ദേശിച്ചത്.