രൺജിത്ത് ശ്രീനിവാസൻ വധത്തിൽ 15 പ്രതികളും കുറ്റക്കാർ. എട്ടുപേർക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്നും എല്ലാ പ്രതികളും ഗൂഡാലോചനയുടെ ഭാഗമാണെന്നും കോടതി കണ്ടെത്തി. മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറഞ്ഞത്. പ്രതികളുടെ ശിക്ഷാവിധി തിങ്കളാഴ്ചയാണ്.
156 സാക്ഷികളാണ് കേസിലുളളത്. ജില്ലയിലാകമാനം കനത്ത പൊലീസ് ജാഗ്രത ഏർപ്പെടുത്തിയിരുന്നു. വിധിപ്രസ്താവം നടത്തുന്ന മാവേലിക്കര കോടതിയിലും പരിസരത്തും നൂറിലധികം പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചത്. വിധി പ്രസ്താവത്തിനായി പ്രതികളെ കോടതിയിലേക്ക് കൊണ്ടുവരുന്നതു മുതൽ കോടതി നടപടികൾ പൂർത്തിയാക്കി മടങ്ങുംവരെ ജാഗ്രത പാലിക്കാനാണ് നിർദേശം.