കൊച്ചി: സംവിധായകനും കേരള ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ ഡിജിപിക്കും സാംസ്കാരിക മന്ത്രിക്കും പരാതി നൽകി യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വൈശാൽ കല്ലാട്ട്. രഞ്ജിത്തിനെ ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും കേസെടുക്കണമെന്നും ആവശ്യപെട്ടാണ് പരാതി.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ, രഞ്ജിത്ത് അപമര്യാദയായി പെരുമാറിയതായി ആരോപിച്ച് ബംഗാളി നടി ശ്രീലേഖ മിത്ര രംഗത്തെത്തിയിരുന്നു. പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ വിളിച്ചുവരുത്തിയ ശേഷം രഞ്ജിത്ത് വളകളിൽ തൊടുന്ന ഭാവത്തിൽ കൈയിൽ സ്പർശിച്ചതായും മുടിയിൽ തലോടിയതായും ശ്രീലേഖ മിത്ര കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
രഞ്ജിത്ത് രാജിവെക്കണമെന്നും സംവിധായകനെതിരെ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷത്തിന് പുറമെ സിപിഐ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. രഞ്ജിത്തിനെതിരായ ആരോപണം അന്വേഷിക്കണമെന്ന് സിപിഐ നേതാവ് ആനി രാജ ആവശ്യപ്പെട്ടു. യുവതിയുടെ വെളിപ്പെടുത്തലിന്റെ പ്രാധാന്യം ഗൗരവത്തിലെടുത്ത് പരിശോധിക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടു.