തിരുവനന്തപുരം: ആര്‍സിസിയിലെ വനിതാ ജീവനക്കാരുടെ വിശ്രമ മുറിയില്‍ ഒളിക്യാമറ വച്ച് സൂപ്പര്‍വൈസര്‍ സ്വകാര്യത പകര്‍ത്തിയെന്ന് പരാതി.
സൂപ്പര്‍വൈസര്‍ ചാര്‍ജ് കൂടിയുളള ടെക്നിക്കല്‍ ഓഫീസര്‍ കെ ആര്‍ രാജേഷിനെതിരെയാണ് ഗുരുതര പരാതി. വിശ്രമിക്കാനും വസ്ത്രം മാറാനും ഉള്‍പ്പെടെ ജീവനക്കാര്‍ ഉപയോഗിക്കുന്ന മുറിയിലാണ് ഒളിക്യാമറ വച്ചത്.
ആര്‍സിസി മെഡിക്കല്‍ ലബോറട്ടറി വിഭാഗത്തില്‍ ജോലിചെയ്യുന്ന ഒൻപത് ജീവനക്കാരാണ് പരാതിക്കാര്‍. വനിതാ ജീവനക്കാരുടെ പരാതി അഞ്ചുമാസമായി പൊലീസിനു കൈമാറാതെ ആര്‍സിസി അധികൃതര്‍ ഗുരുതര വീഴ്ച വരുത്തിയതായും ആരോപണമുണ്ട്.
തുടർന്ന് ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിയുടെ ശുപാർശക്ക് പിന്നാലെ ഡിസംബര്‍ 26 ന് രാജേഷിനെ ധനകാര്യ വിഭാഗത്തിലേയ്ക്ക് മാറ്റിയിരുന്നു. എന്നാൽ ആരോപണ വിധേയനെ മാറ്റി നിര്‍ത്തുകയും പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയും വേണമെന്ന നിയമത്തിൽ ആര്‍സിസി ഗുരുതര വീഴ്ച വരുത്തിയെന്നും അർഹിക്കുന്ന ശിക്ഷ നല്കണമെന്നും വനിതാ ജീവനക്കാർ ആവശ്യപ്പെട്ടു.