സംസ്ഥാനത്ത് ഇന്ന് മുതൽ റേഷൻ വിതരണം സ്തംഭിക്കും. പതിനാലായിരത്തിലധികം വരുന്ന റേഷൻ വ്യാപാരികൾ ഇന്നുമുതൽ അനിശ്ചിത കാലത്തേക്ക് പണിമുടക്കിലാണ്.
വേതന പാക്കേജ് പരിഷ്കരിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്നാണ് റേഷൻ വ്യാപാരി സംഘടനകളുടെ നിലപാട്. ഭക്ഷ്യ മന്ത്രിയും ധനമന്ത്രിയും കയ്യൊഴിഞ്ഞതോടെ മുഖ്യമന്ത്രി ഇടപെട്ട് ഉറപ്പുനൽകിയാൽ സമരം പിൻവലിക്കാം എന്നാണ് വ്യാപാരികളുടെ തീരുമാനം.
വാതിൽപ്പടി വിതരണക്കാർ ഭക്ഷ്യധാന്യങ്ങൾ കടകളിൽ എത്തിച്ചാലും ധാന്യങ്ങൾ സ്വീകരിക്കില്ലെന്നും വ്യാപാരികൾ അറിയിച്ചിട്ടുണ്ട്. ഗുണഭോക്താക്കൾക്ക് ഭക്ഷ്യധാന്യങ്ങൾ നിഷേധിച്ചാൽ ലൈസൻസ് റദ്ദാക്കുന്ന നടപടികളിലേക്ക് കടക്കേണ്ടി വരും എന്നാണ് സർക്കാർ മുന്നറിയിപ്പ്.