Crime

സ്വന്തം ഭാര്യയെ ബലാത്സംഗം ചെയ്യാനാളെ വിളിച്ചുവരുത്തി ഭർത്താവ്; 20,000ലേറെ പീഡന ഫയലുകൾ കണ്ടെടുത്ത് പോലീസ്

ഫ്രാന്‍സിനെ ഞെട്ടിച്ചൊരു സ്ത്രീപീഡനക്കേസിൻ്റെ വിചാരണയാണ് ഇപ്പോള്‍ കോടതിയില്‍ നടക്കുന്നത്. ഭാര്യക്ക് നിരന്തരം മയക്കുമരുന്ന് നല്‍കിയ ശേഷം അന്യപുരുഷന്മാരെ വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ ഭർത്താവ് ഒത്താശ ചെയ്യുകയായിരുന്നു. 50 ഓളം പേരാണ് സ്ത്രീയെ നിരന്തരം പീഡിപ്പിച്ചത്. മറ്റൊരു കേസില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്ത് ലാപ്ടോപ്പിൽ നിന്ന് വീഡിയോകൾ കണ്ടെടുത്തതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കാലങ്ങളോളം ഭര്‍ത്താവ് തന്നോട് ചെയ്ത കൊടുംക്രൂരത കോടതിയില്‍ വിവരിക്കുമ്പോള്‍ 71കാരിയുടെ മുഖത്ത് നിസംഗതയായിരുന്നു. തെക്കന്‍ പാരീസിലാണ് സംഭവം.

“എനിക്ക് എന്റെ വ്യക്തിത്വം തന്നെ നഷ്ടമായി. ഞാന്‍ ചവറ്റുകുട്ട പോലെയായി. എന്റെ വ്യക്തിത്വത്തിലേക്ക് ഇനി തിരിച്ചുവരാന്‍ കഴിയുമോ എന്ന് പോലും അറിയില്ല. എച്ച്ഐവി ബാധിതനായ ആള്‍ ആറുതവണ പീഡിപ്പിച്ചിട്ടുണ്ട്. എൻ്റെ ജീവൻ അപകടത്തിലായിരുന്നു. എന്നെ ഭര്‍ത്താവ് ഒരു പാവയെപ്പോലെയാക്കി മാറ്റി. എന്റെ ജീവിതം ബലിയര്‍പ്പിക്കപ്പെട്ടു. പോലീസാണ് ജീവന്‍ രക്ഷിച്ചത്.” – കോടതിയില്‍ തലകുനിച്ച് നില്‍ക്കുന്ന ഭര്‍ത്താവ് ഡൊമിനിക് പെലിക്കോട്ടിനെ നോക്കി ഭാര്യ പറഞ്ഞു.

ഷോപ്പിംഗ് മാളില്‍ സ്ത്രീകളുടെ നഗ്നദൃശ്യം ചിത്രീകരിക്കാന്‍ ശ്രമിക്കവേ 71കാരന്‍ പിടിയിലായതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഭാര്യയോട് കാണിച്ച ക്രൂരത വെളിയില്‍ വന്നത്. പോലീസ് ഇയാളുടെ കംപ്യൂട്ടര്‍ പരിശോധിച്ചപ്പോഴാണ് വീഡിയോകള്‍ ലഭിച്ചത്. 50 ഓളം പേർക്കായി 100 തവണയെങ്കിലും സ്വന്തം ഭാര്യയെ കാഴ്ചവച്ചിട്ടുണ്ട്. ഈ സാഹചര്യങ്ങളുടെയെല്ലാം വീഡിയോ ചിത്രീകരിച്ച് സൂക്ഷിച്ചത് അടക്കം 20,000ലേറെ ഫയലുകളാണ് ലാപ്ടോപ്പിൽ കണ്ടെത്തിയത്.

ഉറക്കഗുളികള്‍ ഭാര്യയുടെ ഭക്ഷണത്തിലോ വീഞ്ഞിലോ കലർത്തുക പതിവായിരുന്നു. തുടർന്ന് ഓൺലൈൻ ചാറ്റ്‌റൂം വഴി പുരുഷന്മാരുമായി ബന്ധപ്പെട്ട ശേഷം ഭാര്യയെ ബലാത്സംഗം ചെയ്യാൻ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. 2011നും 2020നും ഇടയിലാണ് ഈ പീഡനങ്ങളെല്ലാം നേരിടേണ്ടി വന്നത്. ഭര്‍ത്താവ് ഡൊമിനിക് പെലിക്കോട്ടും 26 നും 74 നും ഇടയിൽ പ്രായമുള്ള മറ്റ് 50 പുരുഷന്മാരുമാണ് ഇപ്പോള്‍ വിചാരണ നേരിടുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top