ഉത്തർപ്രദേശിലെ സോൻഭദ്രയിൽ അധ്യാപകൻ ബലാത്സംഗത്തിന് ഇരയാക്കിയ 14 വയസുകാരി മരിച്ചു. മാസങ്ങളായി ചികിത്സയിൽ കഴിഞ്ഞിരുന്ന പെൺകുട്ടിയാണ് മരിച്ചത്. സ്‌കൂളിൽ സ്‌പോർട്‌സ് ഇൻസ്‌ട്രക്ടറായ ബല്ലിയ സ്വദേശി വിശ്വംഭറാണ് സ്വന്തം വിദ്യാർഥിക്ക് മേൽ കൊടിയ അതിക്രമം നടത്തിയത്.
കഴിഞ്ഞ വർഷം ഡിസംബർ 30ന് ഒരു മത്സരത്തിൽ പങ്കെടുപ്പിക്കാനെന്ന വ്യാജേന വീട്ടിൽ വിളിച്ചു വരുത്തിയായിരുന്നു പീഡനം. മാനഹാനി ഭയന്ന് വിവരം പുറത്തു പറയാതിരുന്ന കുടുംബം ജൂലൈ 10നാണ് പരാതി നൽകിയത്. പിന്നാലെ ഒളിവിൽ പോയ പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല.
സംഭവം പുറത്തറിയാതിരിക്കാൻ ഛത്തീസ്ഗഢിലെ ബന്ധുവീട്ടിലെത്തിച്ച് ചികിത്സ നൽകുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് 20 ദിവസം മുമ്പ് വാരണാസിയിലെ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വിവരം പുറത്ത് പറയാതിരിക്കാൻ പ്രതി 30000 രൂപ നൽകിയതായും ബന്ധുക്കൾ പറഞ്ഞു.