ജമ്മു കശ്മീരിൽ എയർ ഫോഴ്സ് വിംഗ് കമാൻഡർ ബലാത്സംഗം ചെയ്തതായി വനിതാ ഫ്ലയിംഗ് ഓഫീസർ. പികെ ഷെഹ്രാവത്ത് എന്ന ഉദ്യോഗസ്ഥന് എതിരെയാണ് പരാതി നൽകിയിരിക്കുന്നത്. 2023 ഡിസംബർ 31ന് നടന്ന ഒരു ന്യൂ ഇയർ പാർട്ടിക്കിടയിൽ വച്ചാണ് സംഭവം. സമ്മാനം നൽകാനെന്ന വ്യാജേന മേലുദ്യോഗസ്ഥൻ തൻ്റെ മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതിന് ശേഷമേറ്റ മാനസിക പീഡനങ്ങളും ജമ്മു കശ്മീരിലെ ബുദ്ഗാം പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഐപിസി 376 (2) വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
മറ്റ് രണ്ട് വനിതാ ഉദ്യോഗസ്ഥരുടെ ഉപദേശം സ്വീകരിച്ചതിന് ശേഷം ഇൻ്റേണൽ കമ്മറ്റിക്ക് പരാതി നൽകിയെങ്കിലും അവർ അതിനെ അവഗണിക്കുകയായിരുന്നു. തുടർന്ന് താൻ കടുത്ത മാനസിക പീഡനവും ഒറ്റപ്പെടുത്തലുമാണ് നേരിട്ടത്. കേണൽ റാങ്കിലുള്ള ഉദ്യോഗസ്ഥനെയാണ് ഈ വർഷം ജനുവരിയില്‍ അന്വേഷണത്തിന് നിയോഗിച്ചത്. ദൃക്സാക്ഷികൾ ഇല്ലാത്തതിനാൽ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാട്ടി ഇൻ്റേണൽ കമ്മറ്റി ഒരു നടപടിയും സ്വീകരിച്ചില്ല.
തന്നെ നിരന്തരം നിരീക്ഷിക്കുകയാണ്. വിവരം പങ്കുവച്ച മറ്റ് വനിതാ ഉദ്യോഗസ്ഥരെയും മാനസികമായി ഉപദ്രവിക്കുന്നുണ്ട്. മറ്റൊരു സ്ഥലത്തേക്ക് ലഭിച്ച തൻ്റെ നിയമനം തടസപ്പെടുത്തി. തന്നെ പീഡിപ്പിച്ച വ്യക്തിയുമായി നിരന്തരം ഇടപഴകാൻ നിർബന്ധിക്കുകയാണ്. അവിവാഹിതയായ തനിക്ക് സേനയിൽ നിന്നുമേറ്റ ക്രൂരമായ പീഡനം സമ്മാനിച്ച മാനസിക വേദന പറഞ്ഞറിയിക്കാൻ കഴിയില്ലെന്നും ഇര പറഞ്ഞു. വ്യോമസേന പരാതിയെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.