പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച ട്യൂഷൻ അധ്യാപകന് കടുത്ത ശിക്ഷ വിധിച്ച് കോടതി. മണക്കാട് സ്വദേശി മനോജിനെയാണ് (44) തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി 111 വർഷം കഠിന തടവിന് വിധിച്ചത്. 1,05,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണം. ജഡ്ജി ആർ രേഖയുടേതാണ് ഉത്തരവ്. കുട്ടിയുടെ സംരക്ഷകൻ ആകേണ്ട അധ്യാപകനായ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലന്ന് കോടതി ചൂണ്ടിക്കാട്ടി.
2019 ജൂലൈ രണ്ടിനാണ് കുട്ടി ആദ്യമായി പീഡനത്തിന് ഇരയായത്. സർക്കാർ ഉദ്യോഗസ്ഥനായിരുന്ന പ്രതി വീട്ടിൽ ട്യൂഷൻ ക്ലാസ് നടത്തിയിരുന്നു. സ്പെഷ്യൽ ക്ലാസ് ഉണ്ടെന്ന് കളവ് പറഞ്ഞാണ് കുട്ടിയെ വരുത്തിയത്. അന്ന് പ്രതി മൊബൈൽ ഫോണിൽ കുട്ടിയുടെ വീഡിയോ എടുത്തു. ഭയന്ന കുട്ടി പിന്നീടുള്ള ദിവസങ്ങളിൽ ട്യൂഷന് പോയിരുന്നില്ല.
എന്നാൽ വിവരമറിഞ്ഞ പ്രതിയുടെ ഭാര്യ കുട്ടിയെ വിളിച്ചുവരുത്തി വിവരങ്ങൾ തിരക്കി. പിന്നീട് അവർ ആത്മഹത്യ ചെയ്തു. ഇതിന് പിന്നാലെ പ്രതിയെടുത്ത വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. തുടർന്ന് കുട്ടിയുടെ വീട്ടുകാർ ഫോർട്ട് പോലീസിൽ പരാതി നൽകുകയായിരുന്നു. അറസ്റ്റിന് ശേഷം പ്രതിയുടെ ഫോൺ ശാസ്ത്രീയ പരിശോധന നടത്തിയ പോലീസ് അതിൽ നിന്ന് വീഡിയോ കണ്ടെത്തി.